കോട്ടയം: ഹിന്ദു സമാജത്തിന്റെ പരിവർത്തനത്തിനായാണ് സ്വയം സേവകർ പ്രവർത്തിക്കുന്നതെന്ന് ആർഎസ്എസ് സർകാര്യവാഹ് മാനനീയ ദത്താത്രെയ ഹോസബളെ. നിരവധി പ്രവർത്തകർ സമാജത്തിനായി ജീവത്യാഗം നടത്തി. നിത്യശാഖയ്‌ക്ക് പുറത്തുള്ള പ്രവർത്തനങ്ങളും ഇതിനായി വേണം. വൈക്കത്ത് നടക്കുന്ന പൊതുപരിപാടിയിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിയുടെ കാലത്താണ് പരിപാടി നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വൈക്കം സത്യാഗ്രഹത്തിന്റെ സ്മരണയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഉദ്ദേശ്യമാണ് പരിപാടിക്ക് ഉള്ളത്. അതിൽ പ്രധാനപ്പെട്ടത് പരിവർത്തനത്തിന് നേതൃത്വം നൽകിയ മഹത് വ്യക്തികൾക്ക് നന്ദി രേഖപ്പെടുത്തുക എന്നതാണ്. നമുക്കിടയിലെ ഭേദഭാവം ഇല്ലാതാക്കാൻ ഈ വൈക്കം കായലിനെ സാക്ഷിക്കി ലക്ഷ്യം പുനരാവിഷ്‌കരിക്കണം.
എല്ലാവരെയും ഒരേപോലെ കാണണമെന്നതാണ് സംഘത്തിന്റെ ലക്ഷ്യവും. വൈക്കം സത്യാഗ്രഹം, സ്വയം സേവർക്ക് പ്രചോദനം നൽകുന്നതാണ്. ഇതിന് പിന്നാലെയാണ് ഗുരുവായൂർ സത്യാഗ്രഹം നടന്നത്. ഇതേ വർഷം തന്നെയാണ് മഹാരാഷ്‌ട്രയിൽ സവർക്കർ പതീതപാവന ക്ഷേത്രം പണിതു. അന്ന് അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്നു. എന്നാൽ അവർ പതിതരല്ലെന്നും പാവനരാണെന്നും പറഞ്ഞാണ് ക്ഷേത്രം പണിതത്. അവിടെ അവർണ്ണനും സവർണ്ണനും വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനം ലഭിച്ചു.
സംഘകാര്യവും ഇത്തരത്തിലാണ്. ഭേദഭാവങ്ങൾ ഇല്ല. സ്വയം സേവകർ ഇത് സ്വന്തം ജീവിതത്തിൽ കൂടി പ്രാവർത്തികമാക്കുന്നു. 1966 പ്രയാഗ് രാജ് കുംഭമേളയോടെ ചേർന്ന് സംഘടിപ്പിച്ച വിശ്വഹിന്ദു സമ്മേളത്തിൽ ഗുരുജി ഗോൾവാക്കർ പങ്കെടുത്തു. ഹിന്ദുക്കളിൽ പതിതരായി ആരുമില്ലെന്ന് പറഞ്ഞു. ഇത്തരത്തിൽ എല്ലാവരെയും ഒരുപോലെ കാണാൻ സംഘം ശക്തമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. 1 ലക്ഷത്തിലധികം സേവന പ്രവർത്തനങ്ങൾ സംഘം ഏറ്റെടുത്ത് നടത്തുന്നു.
സ്വന്തം തെറ്റുകൾ സ്വയം തിരുത്തുന്ന ഭാരതം ലോകത്തിന് മാതൃകയാണ്. ജി20 സമ്മേളനത്തിൽ ഭാരതം ലോകത്തോട് പറഞ്ഞത് വസുധൈവ കുടുംബകം എന്നാണ്. ഇത് പറയാൻ ഭാരതത്തിന് സാധ്യമായി. കൊറോണ കാലത്ത് സ്വന്തം ആവശ്യത്തിന് അപ്പുറം ലോകത്തിന് മുഴുവൻ വാക്‌സിൻ നൽകാൻ ഭാരതത്തിന് സാധിച്ചു. സംഘം രാഷ്‌ട്ര നിർമ്മാണത്തിനാണ് ശ്രമിക്കുന്നത്. വൈഭവത്തിലേക്കുള്ള പാത സേവനവും സംഘാടനവുമാണ്. ഇത് വഴി സമാജത്തിന്റെ സുരക്ഷയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















