ന്യൂഡൽഹി: പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ 87 ശതമാനം ബാങ്കുകളിൽ നിക്ഷേപമായി തിരികെയെത്തിയെന്നും ബാക്കിയുള്ളവ കൗണ്ടറുകൾ മുഖേന മാറ്റിയെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഈ വർഷം മെയ് 19 വരെയാണ് നോട്ട് പ്രചാരത്തിൽ ഉണ്ടായിരുന്നത്. മെയ് 19-ന് നോട്ടുകൾ പിൻവലിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ആർബിഐ പുറത്തിറക്കുകയായിരുന്നു.
3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളിൽ 12,000 കോടി രൂപയോളം ഇനിയും തിരികെ എത്താനുണ്ടെന്ന് ദ്വൈമാസ ധനനയ അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആർബിഐ ഗവർണർ വ്യക്തമാക്കി. സെപ്റ്റംബർ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരികെ ലഭിച്ചുവെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു. അന്ന് 14,000 രൂപയുടെ 2,000 രൂപ നോട്ടുകളാണ് ഇനി തിരികെ ലഭിക്കാനുള്ളതെന്നും വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബർ 30 വരെയായിരുന്നു 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള അവസാന സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീടിത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഒക്ടോബർ ഏഴ് അവസാന തീയതിയായി പ്രഖ്യാപിക്കുകയായിരുന്നു. നോട്ടുകൾ മാറ്റിയെടുക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കവെയാണ് 12,000 കോടി രൂപയുടെ നോട്ടുകൾ കൂടി തിരികെ എത്താനുണ്ടെന്ന് ആർബിഐ ഗവർണർ അറിയിച്ചത്.