അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിനായി റെയിൽവേ പ്രത്യേക വന്ദേഭാരത് എക്‌സ്പ്രസുകൾ സജ്ജമാക്കുന്നു. ഐസിസി ലോകകപ്പ് 2023 ഒക്ടോബർ അഞ്ചിനാണ് ഇന്ത്യയിൽ ആരംഭിച്ചത്. ഒക്ടോബർ 14-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് വേണ്ടി രാജ്യത്തെ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയിലാണ്.
ഇന്ത്യ-പാക് മത്സരം കാണുന്നതിനായി ആരാധകർ ഫ്‌ളൈറ്റ് നിരക്കുകളും താമസത്തിനുമായി വലിയ തോതിലാണ് തുക ചിലവഴിക്കുന്നത്. ഇപ്പോഴിതാ ആരാധകർക്ക് യാത്രാസൗകര്യം നൽകുന്നതിനായി ഇന്ത്യൻ റെയിൽവേ അഹമ്മദാബാദിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനുകളുടെ സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നും പ്രത്യേക സർവീസുകൾ ആരംഭിക്കും.
നരേന്ദ്രമോദി സ്‌റ്റേഡിയത്തിന് അടുത്തുള്ള സബർമതിയിലും അഹമ്മദാബാദിലുമാകും സ്‌റ്റോപ്പുകൾ ഉണ്ടാകുക. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ട്രെയിൻ നഗരത്തിൽ എത്തുമെന്ന് അധികൃതർ വ്യക്തമാക്കി. അധിക ചെലവേറിയ താമസവും യാത്രയും ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. മത്സരം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ട്രെയിൻ അഹമ്മദാബാദിൽ എത്തും വിധത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിനാൽ തന്നെ മത്സരം അവസാനിച്ചതിന് ശേഷം യാത്രക്കാർക്ക് മടക്കയാത്രയും ലഭിക്കും.















