ലണ്ടൻ: അഫ്ഗാനികളെ അപകടത്തിലേക്ക് തള്ളിവിടരുതെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് മനുഷ്യവകാശ സംഘടനയായ ആമ്നസ്ററി ഇന്റർനാഷണൽ. ചൊവ്വാഴ്ച 1.73 കോടി അഫ്ഗാനികൾ പാകിസ്താൻ വിട്ടുപോകണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ സംഘടനയായ ആമ്നസ്റ്റി അവരെ പുറത്താക്കരുതെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടത്. പുറത്താക്കപ്പെടുന്ന അഫ്ഗാനികൾ താലിബാനിൽ നിന്ന് വലിയ പീഡനം അനുഭവിക്കേണ്ടി വരുമെന്ന് ആമ്നസ്റ്റി മുന്നറിയിപ്പ് നൽകി.
സമാനതകളില്ലാത്ത വിധം പീഢനം നേരിട്ട സാഹചര്യത്തിൽ രാജ്യം വിട്ടോടിയവരാണ് ഇപ്പോൾ പാകിസ്താനിൽ തങ്ങുന്ന അഫ്ഗാനികൾ എന്ന് ദക്ഷിണേഷ്യൻ ഗവേഷണത്തിനുള്ള ആംനസ്റ്റിയുടെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ചുമതലയിലുള്ള നാദിയ റഹ്‌മാൻ പറഞ്ഞു. അവർ അതിഭീതിതമായ അന്തരീക്ഷത്തിൽ കൂടിയാണ് കടന്നു പോകുന്നത്. പലരും പകിസ്താനിൽ അഭയാർത്ഥികളായി രജിസ്റ്റർ ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണെന്ന് അവർ പറഞ്ഞു.
അഫ്ഗാൻ സർക്കാരിന്റെ മുഖ്യ വക്താവായ സബിഹുള്ള മുജാഹിദ് പാകിസ്താൻ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി. പാക് നടപടി അംഗീകരിക്കാനാവില്ലെന്നും പുനഃപരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു. ലോകമാസകലം പാകിസ്താൻ വലിയ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ വലിയ ഒറ്റപ്പെടലിന് കാരണമായേക്കും.