ഷിംല: ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ തകർന്ന പാലങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് (സിഐആർഎഫ്) കീഴിൽ 154.25 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതായി മന്ത്രി വ്യക്തമാക്കി. മഴ അധികവും ബാധിച്ച ഉന, കാൻഗ്ര പ്രദേശത്താകും ആദ്യഘട്ടത്തിൽ റോഡ് പുനഃനിർമ്മിക്കുക.
സ്വാൻ നദിയിൽ 50.60 കോടി രൂപ ചെലവിലും ബിയാസ് നദിയിൽ പോംഗ് ഡാമിൽ 103.65 കോടി രൂപ ചെലവിലും രണ്ട് പാലങ്ങൾ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തം വിഴുങ്ങിയ സംസ്ഥാനത്ത് പുനരുജ്ജീവിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അംഗീകാരം നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരുമായി ചർച്ച സംഘടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തുടർച്ചയായി പെയ്യുന്ന മഴ പലയിടത്തും മണ്ണിടിച്ചിലിനും മേഘസ്‌ഫോടനത്തിനും കാരണമായി. കാലവർഷക്കെടുതിയിൽ സംസ്ഥാനത്തെ വിവിധ റോഡുകളും പാലങ്ങളും തകർന്നു. കാലാവർഷം ആരംഭിച്ചതിന് പിന്നാലെ ഇതുവരെ ഹിമാചൽ പ്രദേശിന് 12,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കേന്ദ്ര റോഡ്, ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിൽ കേന്ദ്ര സർക്കാർ 400 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.















