ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മെഡലുകൾ സ്വന്തമാക്കിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി താരങ്ങളെ അഭിനന്ദിച്ചത്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ഇതൊരു ചരിത്ര നിമിഷമാണ്. നമ്മുടെ കബഡി വനിതാ ടീം സ്വർണം നേടിയിരിക്കുകയാണ്. ഈ വിജയം നമ്മുടെ വനിതാ അത്ലറ്റുകളുടെ അജയ്യമായ മനോഭാവത്തിന്റെ തെളിവാണ്. ഈ വിജയത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. ടീമിന് അഭിനന്ദനങ്ങളെന്ന് പ്രധാനമന്ത്രി ട്വിറ്റിറിൽ കുറിച്ചു
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ അമ്പെയ്‌ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ സ്വർണം നേടിയ ഓജസ് ഡിയോടേലിനെയും വെള്ളി മെഡൽ കരസ്ഥമാക്കിയ അഭിഷേക് വർമ്മയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നിശ്ചയദാർഢ്യവും അചഞ്ചലമായ ശ്രദ്ധയുമാണ് ഈ നേട്ടത്തിന്റെ കാരണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വനിതകളുടെ അമ്പെയ്‌ത്ത് കോമ്പൗണ്ട് വിഭാഗത്തിലും ഇന്ത്യ നേടിയെടുത്തത് അഭിമാന വിജയം. ജോതി സുരേഖ സ്വർണം നേടിയപ്പോൾ വാശിയേറിയ പോരാട്ടത്തിലൂടെ അദിതി ഗോപിചന്ദ് വെങ്കലം സ്വന്തമാക്കി. ഇവരുടെ സമർപ്പണ ബോധവും വൈദഗ്ധ്യവും രാജ്യത്തിന് അഭിമാനം പകരുന്നുവെന്നും ഈ നേട്ടം ഇന്ത്യ ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി പ്രശംസിച്ചു.















