തിരുവനന്തപുരം: മുതലപ്പൊഴിയിൽ അലംഭാവം തുടർന്ന് സംസ്ഥാന സർക്കാർ. പാറ മാറ്റുന്നതിനായിട്ടുള്ള യന്ത്രങ്ങൾ എത്തിച്ചുവെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാതെ അലംഭാവം തുടരുന്നു. രണ്ട് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന ഫിഷറീസ് വകുപ്പിന്റെ ഉറപ്പ് പാഴ് വാക്കായി.മുതലപ്പൊഴിയിലെ ആഴം കൂട്ടി മത്സ്യബന്ധന വള്ളങ്ങൾക്ക് കടലിലേക്ക് ഇറങ്ങാനുള്ള സൗകര്യം ഒരുക്കാനാണ് തൂത്തുക്കുടിയിൽ നിന്നും ഉൾപ്പെടെ യന്ത്രങ്ങൾ മുതലപ്പൊഴിയിലേക്ക് എത്തിച്ചത്.
കഴിഞ്ഞ രണ്ടുമാസമായി ക്രെയിനുകൾ അഴിമുഖത്തേക്ക് എത്തിച്ചിട്ട്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തുറമുഖ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആഴം കൂട്ടാനായി എത്തിച്ച ക്രെയിനുകൾ ഉപയോഗശൂന്യമായി നശിച്ചിരിക്കുകയാണ്. മുതലപ്പൊഴി അഴിമുഖത്തേക്ക് ക്രെയിനുകൾ എത്തിക്കാനുള്ള പാത ശരിയാക്കിയിട്ടില്ല. കൂടാതെ മോശം കാലാവസ്ഥയും കടലിലെ ആഴം കൂട്ടുന്ന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട് എന്നാണ് തുറമുഖ വകുപ്പിന്റെ വിശദീകരണം.
നിലവിൽ ചെറിയ ക്രെയിനുകൾ ഉപയോഗിച്ചുകൊണ്ട് പാറ മാറ്റാൻ സാധിക്കില്ല. അഴിമുഖത്തേക്കുള്ള പാത വൃത്തിയാക്കിയതിന് ശേഷം മാത്രമേ ലോങ്ങ് ക്രെയിനുകൾ എത്തിക്കാൻ സാധിക്കുകയുള്ളൂ. മുതലപ്പൊഴിയിൽ വെളിച്ചം ഉറപ്പാക്കാനായി ഹൈമാക്‌സ് ലൈറ്റുകൾ സ്ഥാപിക്കും എന്ന വാഗ്ദാനം നൽകിയിരുന്നു ഇതും നടപ്പിലാക്കിയില്ല. സുരക്ഷാ ഉദ്യോഗസ്ഥരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയമിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇതും എങ്ങും എത്തിയില്ല. കടലിൽ വച്ച് മത്സ്യത്തൊഴിലാളികൾക്ക് അപകടം സംഭവിക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് എത്തിക്കാൻ ഒരു ആംബുലൻസ് സംവിധാനം പോലും ഏർപ്പെടുത്താൻ സർക്കാരിന് സാധിച്ചിട്ടില്ല.















