തൃശൂർ: വിശ്വഹിന്ദു പരിഷത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ബജ്‌റംഗദൾ സംഘടിപ്പിച്ച ശൗര്യ ജാഗരണ രഥയാത്രയ്‌ക്ക് അനന്തപുരിയിൽ പ്രൗഢോജ്ജ്വലമായ സമാപനം. സമാപന സമ്മേളനം വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി ഉദ്ഘാടനം ചെയ്തു.
ജനം ടിവി എംഡി ചെങ്കൽ രാജശേഖരൻ നായർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിൽ നിലനിൽക്കുന്ന തെറ്റായ നയങ്ങളെല്ലാം മാറ്റിയെടുത്തുകൊണ്ട് യുവജനങ്ങളെ ജാഗ്രതയുള്ളവരും ദിശാബോധമുള്ളവരുമാക്കി നല്ലൊരു കേരളത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സന്യാസിമാർ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഭാരവാഹികൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.
ഒക്ടോബർ ഒന്നിന് കാസർകോട് മഞ്ചേശ്വരം ശ്രീ അനന്തേശ്വരം ക്ഷേത്രത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. കർണ്ണാടക എംപിയും യുവമോർച്ച ദേശീയ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യയാണ് രഥയാത്ര ഉദ്ഘാടനം ചെയ്തത്. യാത്രയിൽ പതിനെട്ട് സ്ഥലത്ത് പൊതുപരിപാടികൾ സംഘടിപ്പിച്ചു.
ലഹരി മാഫിയ, ലൗ ജിഹാദ്, രാജ്യ വിരുദ്ധത എന്നിവയുടെ പിടിയിൽനിന്ന് യുവതലമുറയെ മോചിപ്പിക്കുക, ലക്ഷ്യബോധം നൽകുക, ദേശീയ ധാരയിലേക്ക് എത്തിക്കുക, സംസ്‌കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് ബജ്‌റംഗ്ദൾ ശൗര്യ ജാഗരണ രഥയാത്രയുടെ ലക്ഷ്യം.















