മൃഗങ്ങളിൽ ഏറ്റവും നന്ദിയുള്ള വർഗമാണ് നായകളെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ ദേഷ്യം വന്നാൽ യജമാനനെ കൊന്നു കഴിക്കാൻ പ്രാപ്തിയുള്ള നായ വർഗമാണ് പിറ്റ്ബുള്ളുകൾ. കാവൽ നായ്‌ക്കളാണ് പിറ്റ്ബുള്ളുകൾ. എന്നാൽ ദേഷ്യത്തിന്റെ കാര്യത്തിൽ മറ്റു നായകളെക്കാൾ മുന്നിലാണ് ഇവന്റെ സ്ഥാനം. സ്വന്തം യജമാനനാണെങ്കിൽ പോലും കോപം വന്നാൽ കടിച്ചു പറിക്കാൻ മടിയില്ലാത്ത ശ്വാന പടയാണിവർ. ഇവയുടെ ആക്രമണങ്ങൾ അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ടു തന്നെ പല രാജ്യങ്ങളിലും ഈ നായകളെ നിരോധിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും അക്രമകാരികളായ ഈ നായ വിഭാഗത്തിലെ ഭീമനെ കുറിച്ചറിയാം..
ലോകത്തിലെ ഏറ്റവും വലിയ പിറ്റ്ബുൾ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെടുകയാണ് അമേരിക്കക്കാരനായ മർലോൺ ഗ്രീനൻ. അമേരിക്കയിൽ നായകളുടെ സംരക്ഷണത്തിനായി പോരാടുന്ന വ്യക്തിയാണ് ഗ്രീനൻ. ‘ഹൾക്ക്’ എന്നാണ് ഈ നായക്ക് ഇയാൾ പേരിട്ടിരിക്കുന്നത്. 80 കിലോയോളം ഭാരമുള്ള ഈ നായ നിവർന്നു നിൽക്കുമ്പോൾ ആറടി പൊക്കവുമുണ്ട്. രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് ഹൾക്ക്. വിപണിയിൽ ഇതിന് രണ്ട് കോടിയോളം രൂപയുണ്ടെന്നും ഗ്രീനൻ പറയുന്നു. യുകെ പോലുള്ള രാജ്യങ്ങളിൽ ഈ നായ വർഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അനധികൃതമായി പലയിടത്തേക്കും ഇവയെ കടത്തുന്നുണ്ടെന്നും ഗ്രീനൻ കൂട്ടിച്ചേർത്തു.
.