കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അരവിന്ദാക്ഷന്റെ മാതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറിയെന്ന് വ്യക്തമാക്കി ഇഡി. പെരിങ്ങണ്ടൂർ സർവീസ് സഹകരണബാങ്ക് സെക്രട്ടറിയാണ് വിവരങ്ങൾ കൈമാറിയതെന്നും ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നതായും ബാങ്കിന്റെ സ്റ്റേറ്റ്മെന്റ് ഉണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
സെപ്റ്റംബർ 22-ന് അരവിന്ദാക്ഷന്റെയും ബന്ധുക്കളുടെയും പേരിലുളള വിവരങ്ങൾ തേടി ഇഡി പെരിങ്ങണ്ടൂർ ബാങ്കിലേക്ക് ഇ-മെയിൽ അയച്ചിരുന്നു. അന്ന് തന്നെ ബാങ്ക് സെക്രട്ടറി മറുപടി അയയ്‌ക്കുകയും ചെയ്തു.അതിൽ ചന്ദ്രമതിയമ്മയുടെ അക്കൗണ്ട് വിവരങ്ങളും കൈമാറിയിരുന്നു. അക്കൗണ്ട് അമ്മയുടെതാണെന്ന് അരവിന്ദാക്ഷൻ സമ്മതിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി.
പി.ആർ അരവിന്ദാക്ഷനെതിരെ ഫോൺ കോൾ റെക്കോർഡുകൾ തെളിവുകളായി ഉണ്ടെന്നും ഒന്നാംപ്രതി സതീഷ് കുമാറിന്റെ ഫോണിലെ കോൾ റെക്കോർഡുകളിൽ അരവിന്ദാക്ഷന്റെ പങ്ക് വ്യക്തമാണെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്തവരിൽ നിന്ന് ലഭിച്ച മൊഴികൾ അരവിന്ദാക്ഷന് എതിരാണെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. ഒന്നാംപ്രതി സതീഷ് കുമാറുമായി പി.ആർ അരവിന്ദാക്ഷൻ നടത്തിയ വിദേശയാത്രകൾ, കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ഇഡിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് രണ്ടുദിവസത്തേക്ക് അരവിന്ദാക്ഷനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം.
ചന്ദ്രമതിയമ്മയുടെ പേരിൽ 63 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. 90 വയസുള്ള അമ്മയ്‌ക്ക് പെൻഷൻ മാത്രമാണ് വരുമാന മാർഗം. പെരിങ്ങണ്ടൂർ ബാങ്കിലെ അക്കൗണ്ടിലുള്ള നിക്ഷേപത്തിന് അവകാശിയായി പേര് ചേർത്തിട്ടുള്ളത് ശ്രീജിത്ത് എന്നയാളെയാണ്. തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സഹോദരനാണ് ശ്രീജിത്ത്.















