ഹാങ്‌ചോ: അതിനാടകീയതള്‍ക്കൊടുവില്‍ ഇറാനെ മറികടന്ന് ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ സ്വര്‍ണമണിഞ്ഞ് ടീം ഇന്ത്യ. ഫൗളുകള്‍ നിറഞ്ഞ മത്സരത്തില്‍ കളത്തില്‍ പ്രതിഷേധങ്ങളും ഉടലെടുത്തു.മത്സരം താത്കാലിമായ നിര്‍ത്തിവയ്‌ക്കുകയും ചെയ്തു. കരുത്തരായ ഇറാനെ 33-29 എന്ന സ്‌കോറിന് മറികടന്നാണ് ഇന്ത്യയുടെ വിജയം.
മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇരു ടീമും 28 പോയന്റ് വീതം നേടി തുല്യത പാലിച്ചിരിക്കേ ഇന്ത്യന്‍ താരം പവന്‍ ഡു ഓര്‍ ഡൈ റെയ്ഡിനിറങ്ങി. ഇന്ത്യന്‍ താരത്തെ ഇറാന്‍ താരങ്ങള്‍ പിടിച്ചെങ്കിലും ഇറാന്‍ താരങ്ങളെ സ്പര്‍ശിക്കും മുമ്പ് താന്‍ ലൈനിന് പുറത്തുപോയതായി പവന്‍ അവകാശപ്പെട്ടു. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
കളത്തിന് പുറത്തുപോയ പവനെ നാല് ഇറാന്‍ താരങ്ങള്‍ സ്പര്‍ശിച്ചതിനാല്‍ നാല് പോയിന്റ് നല്‍കണമെന്ന് ഇന്ത്യ അവകാശപ്പെട്ടു.വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച റഫറി ഇരു ടീമിനും ഓരോ പോയിന്റ് വീതം നല്‍കിയെങ്കിലും ഇന്ത്യ പ്രതിഷേധിച്ചു. ഇതോടെ റഫറി ഇന്ത്യക്ക് അനുകൂലമായി തീരുമാനം മാറ്റി.
പിന്നാലെ ഇറാന്‍ ടീം പ്രതിഷേധിച്ച് കോര്‍ട്ടില്‍ കുത്തിയിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് മത്സരം താത്കാലികമായി നിര്‍ത്തി. ഒത്തുതീര്‍പ്പിനൊടുവില്‍ ഇന്ത്യക്ക് മൂന്നും ഇറാന് ഒരു പോയിന്റും അനുവദിച്ചതോടെ കളി പുനരാരംഭിച്ചു. തുടര്‍ന്നാണ് രണ്ടുപോയിന്റുകൂടി മത്സരം ഇന്ത്യ കൈപിടിയിലൊതുക്കിയത്.















