എറണാകുളം:
കോടനാട് മദ്ധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊമ്പനാട് പാണിയേലി മാനാംകുഴി ലിന്‍റോ (26), ഓലിപ്പാറ ഈസ്റ്റ് ഐമുറി പുളിയാമ്പിള്ളി സഞ്ജു (22) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. മുടക്കുഴ സ്വദേശി വേലായുധൻ (49) എന്ന വ്യക്തിയെയാണ് കൊലപ്പെടുത്തിയത്. ഒരു വർഷം മുമ്പ് നടന്ന കേസിലെ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോട് കൂടെയാണ് കൊലപാതകം നടന്നത്. വീടിന് സമീപം വെച്ചായിരുന്നു വെട്ടേറ്റത്. നിലവിളികൾ കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോൾ സമീപവാസിയായ ലിന്‍റോ അവിടെ നിന്ന് ബൈക്കില്‍ കയറിപോകുന്നത് കണ്ടിരുന്നു. ഏതാണ്ട് ഒരു വർഷം മുൻപ് ലിന്‍റോയും വേലായുധനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
വേലായുധന്‍റെ മകന്‍റെ കടയില്‍ ഇറച്ചി വാങ്ങാനെത്തിയപ്പോഴായിരുന്നു ഈ സംഭവം നടന്നത്. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പോലീസ് നൽകുന്ന സൂചന. തന്നെ വെട്ടിയ വേലായുധന്‍റെ കൈവെട്ടുമെന്ന് പല തവണ ലിന്‍റോ വേലായുധനെ ഭീഷണിപെടുത്തിരുന്നതായും പോലീസ് പറയുന്നു. നേരത്തെ തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ലിന്‍റോ.