മരണാന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭവ് പദ്ധതിക്ക് മികച്ച പ്രതികരണം. 20 ദിവസം കൊണ്ട് 77,549 പേർ അവയവദാന പ്രതിജ്ഞ ഓൺലൈനായി രജിസ്റ്റർ ചെയ്തു. ഇവരിൽ ഭൂരിഭാഗം പേരും അവയവദാന സമ്മതപത്രവും നൽകി. അയവദാന സന്നദ്ധത അറിയിക്കുന്നവരിൽ 60 ശതമാനത്തിലേറെയും സ്ത്രീകളാണ്. ഇവരിൽ അധികവും 30-നും 45-നും ഇടയിൽ പ്രായമുള്ളവരാണ്.
അവയവദാനപ്രക്രിയ സുതാര്യമാക്കുന്നതിനായി രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ രജിസ്ട്രി ഉണ്ടാക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. നാഷണൽ ഹെൽത്ത് അതോറിറ്റി മുഖേന നാഷണൽ ഓർഗൻ ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ഓർഗനൈസേഷൻ (നോട്ടോ) ആകും ഈ രജിസ്റ്റർ തയ്യാറാക്കുക. സമ്മതപത്രത്തിന്റെ രജിസ്ട്രി, അവയവം ആവശ്യമുള്ളവർ, മസ്തിഷ്‌ക മരണം സംഭവിച്ചാൽ അവയവദാനത്തിന് സന്നദ്ധരാകുന്നവർ, മരണാന്തരം കണ്ണ് ദാനം ചെയ്യുന്നവർ -എന്നിങ്ങനെയാകും രജിസ്ട്രികൾ ഉണ്ടാക്കുക.
ആരോഗ്യമന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭവ് പദ്ധതിപ്രകാരം പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആരോഗ്യവിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്ന ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുമായി ഈ രജിസ്ട്രികൾ ബന്ധിപ്പിക്കും. ആരോഗ്യവിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്ത് അവയവദാനത്തിന് യോഗ്യരാണോ എന്ന് കണ്ടെത്തുന്നതിന് ഇത് സഹായിക്കും.















