ചെന്നൈ: കരുത്തരായ കങ്കാരു പട ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍പ്പെട്ട് കൂട്ടിലായി. ശക്തരായ ബാറ്റര്‍മാരുമായെത്തിയിട്ടും 200 കടക്കാനാകാതെ വെള്ളം കുടിച്ച ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് ഓള്‍ ഔട്ടായി. 46 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അതേസമയം മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മുൻ നിരയിലെ മൂന്നുപേർ ഡക്കായി. ആദ്യ ഓവറിലെ നാലാം പന്തിൽ സ്റ്റാർക്ക് ഇഷാൻ കിഷനെ ഗ്രീനിന്റെ കൈയിലെത്തിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെയായിരുന്നു താരത്തിന്റെ പുറത്താകൽ. രണ്ടാം ഓവറിൽ രോഹിത് ശർമ്മയും റൺസൊന്നുമെടുക്കാതെ പുറത്തായി. ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. അതേ ഓവറിൽ ശ്രേയസും ക്യാച്ച് നൽകി കൂടാരം കയറി. സ്കോർ ബോഡിൽ 3 റൺസായിരുന്നു അപ്പോൾ.
ആദ്യ ഇന്നിംഗ്സിൽ ജഡേഡയും അശ്വിനും കുല്‍ദീപും ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ സംഘത്തെ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇന്നിംഗ്‌സിന്റെ ഒരു തലത്തിലും സ്‌കോറിംഗിന് വേഗം കൂട്ടാന്‍ കങ്കാരു പടയ്‌ക്കായില്ല. ഇടവേളകളില്‍ വിക്കറ്റു വീണതോടെ സ്‌കോര്‍ എങ്ങനെയും 150 കടത്താനായിരുന്നു കമ്മിന്‍സിന്റെയും സംഘത്തിന്റെയും ശ്രമം.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്‌ക്ക് തുടക്കത്തിലെ വിക്കറ്റ് വീഴ്ച തുടങ്ങി. മെയ്ഡന്‍ ഓവര്‍ എറിഞ്ഞ സിറാജും ആദ്യമേ നയം വ്യക്തമാക്കിയിരുന്നു. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റ് ഓസീസിന് നഷ്ടമായി. ആറു പന്ത് നേരിട്ട് റണ്‍സൊന്നും എടുക്കാത്ത മാര്‍ഷിനെ ജസ്പ്രീത് ബുംറ വിരാട് കോലിയുടെ കൈയ്യിലെത്തിച്ചു. സ്ലിപ്പില്‍ അത്യുഗ്രന്‍ ക്യാച്ചയോടെയായിരുന്നു വിക്കറ്റ് ആഘോഷം.
സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഡേവിഡ് വാര്‍ണര്‍ വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചു.ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 74-ല്‍ എത്തിച്ചു. എന്നാല്‍ കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് കറക്കി വീഴ്‌ത്തി. 52 പന്തില്‍ 41 റണ്‍സെടുത്ത വാര്‍ണറെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ലബൂഷെയ്നിനൊപ്പം ബാറ്റുവീശിയ സ്മിത്ത് ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ ജഡേജ ഫോമിലായി. ഇതോടെ ഓസീസ് 29.4 ഓവറില്‍ 119 ന് അഞ്ചു വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
മാക്‌സ്വെല്ലിന്റെയും ഗ്രീനിന്റെയും രക്ഷാപ്രവര്‍ത്തനവും ഓസീസിനെ രക്ഷിച്ചില്ല. 15 റണ്‍സെടുത്ത കുല്‍ദീപ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കി. കാമറൂണ്‍ ഗ്രീനിനെ അശ്വിന്‍ ഹാര്‍ദിക്കിന്റെ കൈയ്യിലെത്തിച്ചു. എട്ടു റണ്‍സോടെ താരം കൂടാരം കയറി.
എട്ടാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ 10 ഓവറില്‍ രണ്ട് മെയ്ഡനടക്കം 28 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.