ഐഎസ്ആർഒ പ്രതിദിനം നൂറിലധികം സൈബർ ആക്രമണങ്ങൾ നേരിടുന്നുവെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. അത്യാധുനിക സോഫ്റ്റ്‌വെയറുകളും ചിപ്പും ഉപയോഗിക്കുന്ന റോക്കറ്റ് സാങ്കേതിക വിദ്യയിൽ സൈബർ ആക്രമണത്തിനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ദ്വിദിന രാജ്യാന്തര സൈബർ കോൺഫറൻസായ കൊക്കൂണിന്റെ 16-ാം പതിപ്പിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഇത്തരം ആക്രമണങ്ങളെ നേരിടുന്നതിന് ശക്തമായ സൈബർ സുരക്ഷാ ശൃംഖലയാണ് സംഘടന സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സോഫ്റ്റ്‌വെയറിന് പുറമെ റോക്കറ്റുകൾക്കുള്ളിലെ ഹാർഡ്‌വെയർ ചിപ്പുകളുടെ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വിവിധ പരിശോധനകളുമായി മുന്നോട്ട് നീങ്ങുകയാണെന്നും ഇസ്രോ മേധാവി പറഞ്ഞു.
മുമ്പ് ഒരു ഉപഗ്രഹം നിരീക്ഷിക്കുന്ന രീതിയായിരുന്നുവെങ്കിൽ ഇന്ന് ഒരേ സമയം നിരവധി ഉപഗ്രഹങ്ങളെ സോഫ്റ്റ്‌വെയർ നിരീക്ഷിക്കുന്ന രീതിയിലേക്ക് മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ബഹിരാകാശ മേഖലയുടെ വളർച്ചയുടെ സൂചകമാണ്. എഐ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുണ്ടാകുന്ന വെല്ലുവിളികൾ ഇതേ മാർഗ്ഗത്തിലൂടെ നേരിടാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യ ഒരേസമയം അനുഗ്രഹവും ഭീഷണിയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.















