ഇന്ത്യക്ക് പുറത്തുള്ള, ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ന്യൂജെഴ്‌സിയിലെ ബാപ്‌സ് സ്വാമിനാരായണൻ അക്ഷർധാം മഹാമന്ദിർ ഭക്തർക്കായി തുറന്ന് നൽകി. കൊത്തുപണികൾ ചെയ്ത അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് തുറന്നത്. ഇതിന് പിന്നാലെ ആശംസ അറിയിക്കുകയാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.
ഈ നിമിഷം ഇന്ത്യയുടെ അഭിമാന നിമിഷമാണ്. കൂട്ടായ അർപ്പണബോധത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് അക്ഷർധാം മഹാമന്ദിർ. ഈ അവസരത്തിൽ എല്ലാവർക്കും ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. ഗുരു മഹന്ത് സ്വാമി മഹാരാജിന്റെയും ഗുരു പ്രമുഖ് സ്വാമി മഹാരാജിന്റെയും മാർഗദർശനങ്ങളുടെ തെളിവാണ് അക്ഷർധാമിന്റെ സൃഷ്ടിക്ക് പിന്നിലെന്നും മുരളീധരൻ പറഞ്ഞു.
അക്ഷർധാം മഹാമന്ദിർ ഭക്തർക്കായി തുറന്ന് നൽകിയതിന് പിന്നാലെ കേന്ദ്രമന്ത്രി എൽ. മുരുകനും ആശംസ അറിയിച്ചു. ഹൈന്ദവരായ ഓരോരുത്തർക്കും അഭിമാനിക്കാവുന്ന ദിനമാണ് ഇത്. ഭാരതത്തിന്റെ മികവ് അടയാളപ്പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് അക്ഷർധാം മഹാമന്ദിർ. ഒരു വ്യാഴവട്ട കാലത്തെ അശ്രാന്തമായ സമർപ്പണത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ് ക്ഷേത്രമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
19-ാം നൂറ്റാണ്ടിലെ ഹിന്ദു ആത്മീയ നേതാവായ ഭഗവാൻ സ്വാമിനാരായണനാണ് 185 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഭാവനകളെ മറ്റ് മതങ്ങളിലെ പോലും പല പ്രമുഖരും പ്രശംസിച്ചിട്ടുണ്ട്. ഭഗവാൻ സ്വാമിനാരായണന്റെ പിൻഗാമിയും പ്രശസ്ത ആത്മീയ ഗുരുവും സന്യാസിയുമായ മഹന്ത് സ്വാമി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള 12,500-ലധികം വരുന്ന തൊഴിലാളികളുടെ വിയർപ്പാണ് ഇന്നലെ തുറന്ന് നൽകിയ ക്ഷേത്രം.















