മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ ഒരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. താരം രാജ്യത്തെവിടെ പോയാലും സുരക്ഷ ഭടന്മാര്‍ അനുഗമിക്കും. പാഠാന്‍, ജവാന്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെയാണ് കിംഗ് ഖാന് വധ ഭീഷണികള്‍ ഉണ്ടായതെന്ന് ഇന്റലിജന്‍സ് വകുപ്പ് വ്യക്തമാക്കുന്നു.
സംസ്ഥാന പോലീസിന്റെ വിഐപി സുരക്ഷാ വിഭാഗത്തിലെ പരിശീലനം ലഭിച്ച ആറ് കമാന്‍ഡോകള്‍ ഖാനെ സംരക്ഷിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സായുധരായ നാല് പോലീസ് ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
സുരക്ഷയ്‌ക്ക് ചെലവാകുന്ന തുക ഷാരൂഖ് ഖാനില്‍ നിന്നാണ് ഈടാക്കുന്നത്.ഉയര്‍ന്ന ഭീഷണി നേരിടുന്നവര്‍ക്കാണ് വൈ പ്ലസ് സുരക്ഷ അനുവദിക്കുന്നത്. ലോറന്‍സ് ബിഷ്ണോയിയുടെ സംഘം വധഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ നടന്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.















