ന്യൂഡൽഹി: സഹകരണബാങ്കുകൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ആർബിഐ. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇതുവരെ എട്ട് സഹകരണബാങ്കുകളുടെ ലൈസൻസ് റദ്ദാക്കിയതായി ആർബിഐ അറിയിച്ചു. വിവിധ ബാങ്കുകൾക്ക് 114 തവണ പിഴ ചുമത്തുകയും ചെയ്തു. സഹകരണബാങ്കുകളിൽ കർശന നീരീക്ഷണം നടത്തിവരിയാണെന്നും ആർബിഐ വ്യക്തമാക്കി.
2022-23 സാമ്പത്തിക വർഷത്തിൽ എട്ട് സഹകരണ ബാങ്കുകളുടെ ലൈസൻസാണ് ആർബിഐ റദ്ദാക്കിയത്. 25,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുന്നത്. നിയമ പ്രകാരമുള്ള മൂലധനത്തിന്റെ കുറവ്, വരുമാനത്തിന്റെ കുറവ്, ബാങ്കിംഗ് റെഗുലേഷൻ നിയമങ്ങളുടെ ലംഘനം എന്നീ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കിയത്.
ആർബിഐയുടെ അനുമതി ഇല്ലാതെയുള്ള പദ്ധതി നടപ്പാക്കൽ, കറന്റ് അക്കൗണ്ടുകളിലെ തുകയ്‌ക്ക് പലിശ നൽകാതിരിക്കുക, കെവൈസി നിയമങ്ങൾ പാലിക്കുന്നതിലെ വീഴ്ച എന്നിവ കണക്കിലെടുത്താണ് ബാങ്കുകൾക്ക് പിഴ ചുമത്തിയത്.















