തിരുവനന്തപുരം: നിയമന കോഴക്കേസിൽ പോലീസിന് മുന്നിൽ ഉരുണ്ടുകളിച്ച് ഹരിദാസൻ. അഖിൽ മാത്യുവിന് പണം നൽകിയെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസന്റെ മൊഴി. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിന് മുന്നിൽ വെച്ച് താൻ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ പണമായി നൽകിയെന്ന ആരോപണമായിരുന്നു ഹരിദാസൻ നേരത്തെ ഉയർത്തിയത്. ആർക്കാണ് പണം നൽകിയതെന്നും എവിടെവെച്ചാണ് പണം നൽകിയതെന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ ഇന്ന് പോലീസിന് മൊഴി നൽകിയത്. രാവിലെ ഒമ്പത് മണിയോടെ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ ഹാജരായ ഹരിദാസനെ എ.സി.പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
എന്നാൽ ഇന്ന് ഹാജരാകാമെന്ന് അറിയിച്ച ബാസിത് ഇതുവരെ ഹാജരായിട്ടില്ല. അറസ്റ്റ് ഭയന്നാണ് ബാസിത് ഹാജരാകാതിരിക്കുന്നത് എന്ന നിഗമനത്തിലാണ് പോലീസ്. ഹരിദാസന്റെ മകന്റെ ഭാര്യയ്‌ക്ക് ജോലി ആവശ്യമുണ്ടെന്ന കാര്യം പ്രതികളിൽ ഒരാളായ ലെനിൻ രാജിനെ അറിയിച്ചത് ബാസിതാണ്. ബാസിതിനും കേസിൽ പങ്കുണ്ടെന്ന മൊഴിയാണ് അഖിൽ സജീവ് നൽകിയത്.
അതേസമയം പ്രതി റയീസിന്റെ വാട്സ്ആപ് ചാറ്റുകൾ പോലീസ് കോടതിയിൽ ഹാജരാക്കി. ഇതിൽ നിന്ന് അഖിൽ മാത്യുവിന്റെ ഫോട്ടോ എടുത്തത് ഫേസ്ബുക്കിൽ നിന്നെന്ന സൂചന പോലീസിന് ലഭിച്ചു. ‘അഖിലിനെ എടുക്കണം’ എന്ന സന്ദേശം ലെനിൻ റയീസിന് അയച്ചിട്ടുമുണ്ട്. റയീസ് ലെനിൻ രാജുമായും അഖിൽ സജീവുമായും ബാസിതുമായും നിരന്തരം ബന്ധപ്പെട്ടെന്ന തെളിവുകളും പോലീസിന് ലഭിച്ചു. അഖിൽ സജീവുമായി മെയ്-23 മുതലുള്ള ചാറ്റുകളാണ് കണ്ടെടുത്തത്.















