ടെൽ അവീവ്: പതിറ്റാണ്ടുകളായി പലസ്തീൻ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മാനുഷിക ശ്രമങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു വനിതാ സമാധാന പ്രവർത്തകയെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി.കനേഡിയൻ ജൂത വനിതാ ആക്ടിവിസ്റ്റ് വിവിയൻ സിൽവർ (74) നെ ശനിയാഴ്ച ഇസ്രായേലിലെ ഗാസ അതിർത്തിക്കടുത്തുള്ള അവരുടെ വസതിയിൽ നിന്ന് കൊണ്ടുപോയതായി റിപ്പോർട്ടുകൾ പറയുന്നു. കാനഡയിലെ വിന്നിപെഗിൽ ജനിച്ച അവർ 1974 ൽ ഇസ്രായേലിലേക്ക് കുടിയേറിയതാണ്. പാലസ്തീനിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ അവർ സജീവമായി ഏർപ്പെട്ടിരുന്നു.
മുൻ കനേഡിയൻ എംപിയും അറ്റോർണി ജനറലുമായ ഇർവിൻ കോട്‌ലറാണ് ആക്ടിവിസ്റ്റിനെ തട്ടിക്കൊണ്ടുപോയ വിവരം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പുറത്തുവിട്ടത്. സംഭവത്തിൽ അദ്ദേഹം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി,
“വിവിയൻ തന്റെ ജീവിതം സ്ത്രീ ശാക്തീകരണത്തിനും പലസ്തീൻ സിവിലിയന്മാരെ സഹായിക്കുന്നതിനും, രോഗികളായ ഗാസൻ കുട്ടികൾക്ക് ആശുപത്രി ചികിത്സകൾ സുഗമമാക്കുന്നതിനും വേണ്ടി സമർപ്പിച്ചു. ഇസ്രായേലിലെ കിബ്ബത്ത്സ് ബീരിയിലെ വീട്ടിൽ നിന്ന് ഹാമാസ് അവളെ തട്ടിക്കോണ്ടുപോയി, ഇപ്പോൾ ഗാസയിൽ തടവിലാക്കിയിരിക്കുകയാണ്.” ഇദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
ഗാസ മുനമ്പിന്റെ കിഴക്കൻ അതിർത്തിയോട് ചേർന്ന് വടക്ക്-പടിഞ്ഞാറൻ നെഗേവ് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന കിബ്ബട്ട്സ് ബീരിയിലാണ് ഈ സംഭവം നടന്നത്.















