തൃശൂർ: കരുവന്നൂരിൽ മറുപടിയല്ല നടപടിയാണ് വേണ്ടതെന്ന് മുൻ എംപി സുരേഷ് ഗോപി. സുരേഷ്ഗോപി നടത്തിയ സഹകാരി സംരക്ഷണ പദയാത്രയെ വിമർശിച്ച സിപിഎമ്മിന് മുറുപടി നൽകുകയായിരുന്നു അദ്ദേഹം. പദയാത്രയിൽ രാഷ്‌ട്രീയം കലർത്തിയെന്ന സിപിഎമ്മിന്റെ ആരോപണങ്ങൾക്കിടെയാണ് പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയത്.
ജനകീയ വിഷയങ്ങളിൽ ഇനിയും ഇടപെടും. അത്തരം വിഷയങ്ങൾ ഉണ്ടാക്കാതിരിക്കുകയാണ് അവർ ചെയ്യേണ്ടത്. പണം നഷ്ടപ്പെട്ടവരുടെ പ്രയാസം കണ്ടാണ് പ്രശ്‌നത്തിൽ ഇടപെട്ടത്. ആരോപണങ്ങൾ അവർക്ക് ഉന്നയിക്കാം, പക്ഷേ സത്യം ദൈവത്തിന് അറിയാം. ഇഡി ബിജെപിയ്‌ക്ക് തൃശൂരിൽ വഴി ഒരുക്കുന്നു എന്നത് സിപിഎമ്മിന്റെ ആരോപണം മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കരുവന്നൂർ സമരം മനുഷ്യത്വ വിഷയമാണെന്നും അതിൽ രാഷ്‌ട്രീയമില്ലെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. തൃശൂരിൽ മത്സരിക്കാൻ വേണ്ടിയാണ് ഇഡി റെയ്ഡുകൾ നടത്തുന്നതെന്ന സിപിഎമ്മിന്റെ ആരോപണങ്ങളും സുരേഷ് ഗോപി തള്ളിയിരുന്നു. ഒരു വർഷത്തിന് മുമ്പ് തന്നെ താൻ കരുവന്നൂർ സന്ദർശിച്ചിരുന്നുവെന്നും അതൊക്കെ മാദ്ധ്യമങ്ങൾ മറന്നുവെന്നും സുരേഷ് ഗോപി വിമർശിച്ചു.
ഒക്ടോബർ രണ്ടിനാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കൾക്കെതിരെ ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര നടന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് യാത്ര ഉദ്ഘാടനം ചെയ്തത്.















