ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ത്യയും ടാൻസാനിയയും ചർച്ച ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ദമ്മു രവി. രക്ഷാസമിതിയിലേക്കുള്ള അംഗത്വത്തിന് നിലവിലുള്ള രണ്ടു രീതികളും പരിഷ്‌കരിക്കാനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലായതായും അദ്ദേഹം അറിയിച്ചു.
ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സനുമായി പ്രധാനമന്ത്രി നരന്ദ്രേമോദി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയവും സാമ്പത്തികവുമായ സഹകരണത്തെ കുറിച്ചും ഇന്ത്യൻ മഹാസമുദ്രമേഖലയിൽ സമുദ്രസുരക്ഷയിൽ സഹകരിക്കുന്നതിനെ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.
‘ഇരു രാജ്യവും ഐക്യരാഷ്‌ട്രസഭയുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും രക്ഷാസമിതിയിലേക്കുള്ള അംഗത്വത്തിന് നിലവിലുള്ള രണ്ടു രീതികളും പരിഷ്‌കരിക്കാനായി ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയിലാവുകയും ചെയ്തു. കൂടാതെ സാഗർ എന്ന ഇന്ത്യയുടെ പദ്ധതിയിൽ ടാൻസാനിയക്ക് കൃത്യമായ സ്ഥാനമുണ്ടെന്ന് ഇന്ത്യ അറിയിച്ചു. വിജയകരമായ ജി20 സമ്മേളനത്തിൽ ഇന്ത്യയെ ടാൻസാനിയ അഭിനന്ദിച്ചു. ആഫ്രിക്കൻ യൂണിയനെ ജി20യിൽ സ്ഥിരാംഗമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൈയെ എടുത്തതിനെ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സൻ അഭിനന്ദിക്കുകയും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നാളെ നടക്കുന്ന ഇന്ത്യ-ടാൻസാനിയ ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ ടാൻസാനിയൻ പ്രസിഡന്റ് ഇന്ത്യൻ – ടാൻസാനിയൻ ബിസിനസ് സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാമിയ സുലുഹു ഹസന്റെ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുമെന്നും ഇന്ത്യയും ടാൻസാനിയയും തമ്മിലുള്ള സാമ്പത്തിക ബന്ധം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്തിടെയായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല രീതിയിലാണുള്ളത്. അതുകൊണ്ട് തന്നെ ടാൻസാനിയൻ പ്രസിഡന്റിന്റെ ഇന്നത്തെ ഇന്ത്യാ സന്ദർശനം വളരെ ഏറെ പ്രധാന്യമർഹിക്കുന്നുണ്ടെന്നും പ്രാദേശിക കറൻസികൾ ഉപയോഗിച്ച് ഉഭയക്ഷി വ്യാപാരം വികസിപ്പിക്കുവാനും കൂടാതെ പുതിയ പല മേഖലകളിലും സഹകരണം കൊണ്ടുവരാനും ഇരു രാജ്യങ്ങളും ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.















