ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടികാഴ്ച നടത്തി സംവിധായകൻ വിവേക് അഗ്നിഹോത്രി. ‘ദി വാക്സിൻ വാർ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് അദ്ദേഹം യുപിയിലെത്തിയത്. തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടികാഴ്ചയുടെ വിശദാംശങ്ങൾ വിവേക് അഗ്നിഹോത്രി തന്നെയാണ് മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി വാക്‌സിൻ വാർ പ്രദർശിപ്പിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചതായി വിവേക് അഗ്നിഹോത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
“ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ശാസ്ത്രമാണ് ഭാവിയെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി സിനിമ പ്രദർശിപ്പിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.” എന്നാണ് കൂടികാഴ്ചയ്‌ക്ക് ശേഷം ദേശീയ മാദ്ധ്യമങ്ങളോട് അഗ്നിഹോത്രി പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രത്തെ അഭിനന്ദിച്ച് പരാമർശം നടത്തിയിരുന്നു. ‘രാജ്യത്തെ ശാസ്ത്രജ്ഞർ പ്രത്യേകിച്ചും വനിതാ ശാസ്തജ്ഞരുടെ അക്ഷീണമായ പ്രവർത്തനത്തെ ചിത്രീകരിക്കുന്ന സിനിമയുടെ അണിയറ പ്രവർത്തകരെ ഞാൻ അഭിന്ദിക്കുന്നു.’ – എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
വിവേക് അഗ്നിഹോത്രിയുടെ എറ്റവും പുതിയ മെഡിക്കൽ ഡ്രാമാ ചിത്രമാണ് വാക്‌സിൻ വാർ. ലോകത്തെ നടുക്കിയ കൊറോണയ്‌ക്കെതിരെ ഭാരതത്തിലെ ശാസ്ത്രജ്ഞർ നടത്തിയ വാക്‌സിൻ നിർമ്മാണത്തെ ആധാരമാക്കിയുള്ള സിനിമയാണ് വാക്‌സിൻ വാർ. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ,നാനാപടേക്കർ, അനുപം ഖേർ, പല്ലവി ജോഷി, റൈമ സെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പല്ലവി ജോഷിയാണ് ചിത്രം നിർമ്മിച്ചത്.















