സുരേഷ് ഗോപി നായകനായെത്തിയ പാപ്പന്റെ വമ്പൻ വിജയത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആന്റണി. മലയാളികളുടെ പ്രിയ നായിക കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ടീസർ ഒക്ടോബർ 19-ന് പുറത്തിറങ്ങും.
ജോഷിക്കൊപ്പമുള്ള കല്യാണി പ്രിയദർശന്റെ ആദ്യ ചിത്രമാണ് ‘ആന്റണി’ എന്ന പ്രത്യേകയും ഇതിനുണ്ട്. ഒരു പാൻ ഇന്ത്യൻ ജോഷി ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും അസാധാരണവും വ്യത്യസ്തവുമായിരിക്കും ഈ ചിത്രമെന്നും കല്യാണി പറഞ്ഞു.
കല്യാണിയെ കൂടാതെ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രക്തബന്ധങ്ങൾക്കപ്പുറം മനുഷ്യർക്കിടയിലെ അസാധാരണ ആത്മബന്ധങ്ങൾ പ്രമേയമാകുന്ന ചിത്രമാണെന്നും വൈകാരികമായ അനുഭവമാണ് പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നു.
നവംബർ 23-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഐൻസ്റ്റീൻ സാക് പോൾ, സുശീൽ കുമാർ അഗ്രവാൾ, നിതിൻ കുമാർ, രജത് അഗ്രവാൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.