ജെറുസലേം: ഗാസയിലെ ബഹുനില കെട്ടിടങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നുവീഴുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്‌സിലൂടെയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങൾ തുടങ്ങി, ഇസ്രായേൽ ജയിക്കും’ എന്നാണ് വീഡിയോയ്‌ക്ക് അദ്ദേഹം നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
ഹമാസ് ഭീകരർക്കെതിരെ ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താനാണ് ഇസ്രായേൽ പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായി ജനങ്ങളോട് ഗാസവിട്ട് പോകാൻ ഇസ്രായേൽ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. കടൽ മാർഗവും കര മാർഗവും ഉപരോധിച്ച് ഗാസയിലേക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയാണ് ഇസ്രായേൽ.
התחלנו. ישראל תנצח 🇮🇱 pic.twitter.com/tCwDLXkyaY
— Benjamin Netanyahu – בנימין נתניהו (@netanyahu) October 9, 2023
ഇസ്രേയേലിന്റെ സൈനിക നീക്കത്തിന് അമേരിക്കയുടെ എല്ലാ പിന്തുണയുമുണ്ട്. അമേരിക്കൻ വിമാനവാഹിനി കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ ഫോഡ് ഇസ്രായേലിന് സഹായത്തിനായി എത്തിയിരുന്നു. ജർമ്മൻ, ബ്രിട്ടീഷ്, യുക്രെയ്ൻ രാഷ്‌ട്രത്തലവന്മാരും നെതന്യാഹുവിനെ പിന്തുണ അറിയിച്ചിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇസ്രായേലിനൊപ്പം നിൽക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ നടത്തിയിരിക്കുന്ന പ്രതികരണം.
ശനിയാഴ്ച നടന്ന ഹമാസ് ഭീകരാക്രമണത്തിൽ 700ൽ അധികം ഇസ്രായേൽ പൗരന്മാർക്ക് ജീവൻ നഷ്ടമായതായി ഇസ്രായേൽ ഡിഫൻസ്‌ഫോഴ്‌സ് വ്യക്തമാക്കി. തങ്ങൾ രാജ്യത്തിന്റെ സുരക്ഷ വീണ്ടെടുക്കുമെന്നും യുദ്ധം ജയിക്കുമെന്നും പ്രതിരോധ സേന എക്സിൽ കുറിച്ചു.















