ജറുസലേം: തീവ്ര ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളായ ഐഎസ് പോലെയും അൽ-ഖ്വയ്ദ പേലെയുമാണ് ഹമാസ് എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് കിരാതന്മാരെ തുരത്തിയോടിച്ചാൽ മാത്രമാണ് രാജ്യത്ത് സമാധാനം ലഭിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമാണ് നടക്കുന്നതെന്നും വിജയം സുനിശ്ചിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എവിടെയും രക്തം കലർന്ന അവസ്ഥയാണ്. കടുപ്പമേറിയ ദിനങ്ങളാണ് ഇനിയും വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലനിൽപ്പ് ഉറപ്പാക്കാനുള്ള യുദ്ധത്തിന്റെ മൂന്നാം ദിനത്തിലാണ് നാം. നമ്മൾ നിശ്ചയമായും വിജയിക്കും. തികച്ചും വെറുപ്പുളവാക്കുന്ന ശത്രുവാണ് ഈ യുദ്ധത്തിന് പിന്നിൽ. സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും പ്രായമായവരെയും നിഷ്ഠൂരമായി കൊലപ്പെടുത്തുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന കാട്ടാളന്മാർ. മാതാപിതാക്കൾ നോക്കി നിൽക്കേ കൊല്ലപ്പെടുന്ന മക്കൾ, നടന്നുപോകുമ്പോൾ പുറകിൽ വെടിയേറ്റ് പിടഞ്ഞ് വീഴുന്ന യുവാക്കൾ അങ്ങനെ നിരവധി മാർഗങ്ങളിലൂടെയാണ് ഹമാസ് സന്തോഷം കണ്ടെത്തുന്നത്. പൗരന്മാർ കൊല ചെയ്യപ്പെട്ട ക്രൂരമായ അവസ്ഥകളെ കുറിച്ച് വിവരിക്കാൻ കഴിയുന്നില്ലെന്നും നെതന്യാഹു പറഞ്ഞു.
ഹമാസ് എന്താണെന്നും അവരുടെ ക്രൂരതകൾ എന്താണെന്നും ഞങ്ങളെ പോലെ തന്നെ ലോകത്തിനും അറിയാം. ഇസ്ലാമിക് സ്‌റ്റേറ്റ് പോലെ ഭീകരപ്രവർത്തനം നടത്തുന്ന പിശാചുകളാണ് ഹമാസ് എന്നും അദ്ദേഹം പറഞ്ഞു. ലോകം ഐഎസിനെ പരാജയപ്പെടുത്തിയത് പോലെ ഇസ്രായേൽ ഹമാസിനെ പരാജയപ്പെടുത്തും. അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തെ ഓർത്ത് ഹമാസ് ഭീകരർ വേദനിക്കും-പ്രധാനമന്ത്രി പറഞ്ഞു.
ഹമാസ് വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടന തന്നെയാണെന്ന് ഐക്യരാഷ്ടസഭയിൽ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ പറഞ്ഞു. ജൂതരെയും ഇസ്രായേലിനെയും ഉന്മൂലനം ചെയ്യാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഭീകര സംഘടനയാണെന്നും ചർച്ചകളിൽ അവർ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു ജൂതനെ കണ്ടാൽ ഉടൻ അവനെ കശാപ്പ് ചെയ്യണമെന്നാണ് ഹമാസിന്റെ നിയമാവലിയിൽ പറയുന്നത്. അവർ തന്നെയും തന്റെ കൂട്ടാളികളെയും ജനങ്ങളെയും രാജ്യത്തെയും ഉന്മൂലനം ചെയ്യാൻ ഇറങ്ങി തിരിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ നിന്ന് ഇസ്രായേൽ ഏകപക്ഷീയമായി പിന്മാറിയ ശേഷം, ഹമാസ് അധികാരത്തിൽ വന്ന ശേഷം, കഴിഞ്ഞ 17 വർഷമായി ലോകം ഈ പിശാചുക്കളായ ഭീകരരെ ന്യായീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇസ്രായേലിന്റെ കാര്യം വരുമ്പോൾ, ഐക്യരാഷ്‌ട്ര സംഘടനയ്‌ക്ക്, പ്രത്യേകിച്ച് രക്ഷാ സമിതിക്ക് മറവിയാണ്. ഇവർ അഴിച്ചുവിട്ട ഭീകരത അതോടെ അരുകിലേക്ക് തള്ളപ്പെടും. ഇക്കുറി അത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിന് ഭീഷണിയുമായി ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. ഗാസയിൽ ആക്രമണം തുടർന്നാൽ തങ്ങൾ ബന്ദികളാക്കിയ ഇസ്രായേലികളെ പരസ്യമായി കൊല്ലുമെന്നാണ് ഹമാസിന്റെ ഭീഷണി.















