കൊച്ചി: ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ദളിത് യുവാവിനെ മർദ്ദിച്ച് ഡിവൈഎഫ്‌ഐ മുൻ ബ്ലോക്ക് പ്രസിഡന്റും സംഘവും. ചേരാനെല്ലൂർ എടയകുന്നം സ്വദേശിയായ 35-കാരനാണ് മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവത്തിൽ ചേന്ദമംഗലം സ്വദേശി ദീപുവിനെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സിനിമ കാണാൻ തിയേറ്ററിലെത്തിയ ദമ്പതികൾക്കാണ് ഈ ദുരവസ്ഥയുണ്ടായത്. സിനിമയുടെ ഇടവേളയിൽ ലഘുഭക്ഷണം കഴിക്കാൻ കൗണ്ടറിന് സമീപം എത്തിയ ഭാര്യയെ ദീപു കയറിപ്പിടിച്ചു. ഇത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരമെന്നോണം ഡിവൈഎഫ്ഐ നേതാവായ സഹോദരന്റെയും പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ 30-ഓളം വരുന്ന സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ കൂട്ടമായെത്തി ദമ്പതികളെ മർദ്ദിക്കുകയായിരുന്നു. യുവതിയുടെ മുടിക്ക് പിടിച്ച് വലിച്ചിഴച്ചതായും തള്ളിയിട്ടതായും പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി. അക്രമികളിൽ ചിലരെ പിടികൂടിയെങ്കിലും പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മറ്റുള്ളവരെ ബലമായി പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിലും പാർട്ടി ഇടപെടലിനെത്തുടർന്ന് ഒത്തുതീർപ്പാക്കി ദീപുവിനെ മാത്രം ഹാജരാക്കി. സംഭവത്തിൽ പോലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.















