ചെന്നൈ: ലോകകപ്പ് കാമ്പെയിന്‍ ജയത്തോടെ തുടങ്ങിയെങ്കിലും ഇന്ത്യയുടെ ആശങ്ക വിട്ടൊഴിയുന്നില്ല. ഡെങ്കി പനി ബാധിച്ച ശുഭ്മാന്‍ ഗില്ലിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് വിവരം. കാവേരി ആശുപത്രിയില്‍ ചികിത്സയിലുള്ള താരത്തെ മെഡിക്കല്‍ സംഘം നിരീക്ഷിക്കുകയാണ്.
അഫ്ഗാനിസ്ഥാനെതിരായ നാളെത്ത മത്സരത്തില്‍ ഗില്‍ കളിക്കില്ലെന്ന് ഉറപ്പായെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് താരത്തിന് പാകിസ്താനെതിരെയുള്ള മത്സരവും നഷ്ടമാകുമെന്നാണ്. ഗില്ലിന് പകരമായി ടീമിലെത്തിയ ഇഷാന്‍ കിഷന്‍ ആദ്യ മത്സരത്തില്‍ ഡക്കായിരുന്നു. ഇതും ടീമിന്റെ ആശങ്കയുയർത്തുന്നു.
ശനിയാഴ്ച അഹമ്മദാബാദിലാണ് ചിരവൈരികളുടെ പോരാട്ടം. ടീമിനൊപ്പം യാത്ര ചെയ്യുന്ന ബിസിസിഐയുടെ ഡോക്ടര്‍ റിസ്വാന്‍ ഖാനാണ് താരത്തെ ചികിത്സിച്ചിരുന്നത്. ഗില്ലിന്റെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് ക്രമാതീതമായി കുറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. അതുകൊണ്ടാണ് താരം ടീമിനൊപ്പം ഡല്‍ഹിയിലേക്ക് പോകാതിരുന്നതും ആശുപത്രിയില്‍ അഡ്മിറ്റായതും. ശുഭ്മാന്‍ ഗില്‍ ഡല്‍ഹിയിലേക്ക് ടീമിനൊപ്പം യാത്ര ചെയ്യില്ലെന്ന് ബിസിസിഐ വാര്‍ത്താ കുറിപ്പില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.