ടെൽ അവീവ്: 1500 ഹമാസ് തീവ്രവാദികളുടെ മൃതദേഹങ്ങൾ തങ്ങളുടെ അതിർത്തിക്കുള്ളിൽ നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം. രാജ്യത്തിന്റെ എല്ലാ മേഖലകളും പൂർണ നിയന്ത്രണത്തിൽ ആയെന്നും, തിങ്കളാഴ്ച രാത്രിയ്‌ക്ക് ശേഷം ഒരു ഹമാസ് ഭീകരൻ പോലും ഇസ്രായേലിലേക്ക് കടന്നിട്ടില്ലെന്നും സൈനിക വക്താവ് റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു. ”നുഴഞ്ഞു കയറ്റം ഏത് സമയം സംഭവിക്കാം. അത് ഇപ്പോഴും പ്രതീക്ഷിക്കുന്നുമുണ്ട്. എങ്കിലും അതിർത്തിക്ക് ചുറ്റമുള്ള എല്ലാ മേഖലയും പൂർണ നിയന്ത്രണത്തിലാക്കി”.
”അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളേയും പരമാവധി ഒഴിപ്പിച്ചിരിക്കുകയാണ്. രാജ്യാതിർത്തി കടന്ന് നടത്തിയ ആക്രമണത്തിന് ഹമാസിന് ശക്തമായ മറുപടിയാണ് നൽകുന്നത്. ഹമാസിന്റെ കീഴിലുള്ള മന്ത്രാലയങ്ങളും സർക്കാർ കെട്ടിടങ്ങളും സ്ഥിതിചെയ്യുന്ന ഗാസയിലെ സിറ്റി റിമാൽ പരിസരത്ത് ഇസ്രായേൽ സൈന്യം കനത്ത ആക്രമണമാണ് നടത്തിയത്. ഇവിടെ ആക്രമിക്കുന്നതിന് മുൻപ് സാധാരണക്കാർക്ക് രക്ഷപെടുന്നതിന് വേണ്ടി സമൂഹമാദ്ധ്യമങ്ങൾ വഴി മുന്നറിയിപ്പ് സന്ദേശം നൽകിയിരുന്നുവെന്നും” ഹെക്റ്റ് കൂട്ടിച്ചേർത്തു.
അതേസമയം ഇസ്രായേലുമായി നീണ്ട യുദ്ധത്തിന് തയ്യാറാണെന്നും, ഇസ്രായേലിലും വിദേശത്തുമായി തടവിലാക്കപ്പെട്ട പാലസ്തീനികളെ മോചിപ്പിക്കണം എന്നുമാണ് ഹമാസിന്റെ ആവശ്യം. റോക്കറ്റുകൾ ഉൾപ്പെടെ വലിയൊരു ആയുധശേഖരം ഹമാസിന്റെ പക്കലുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ എല്ലാ തയ്യാറെടുപ്പുകളോടെയും കൂടിയാണ് യുദ്ധത്തിന് ഇറങ്ങിയതെന്നും ഹമാസ് ചൂണ്ടിക്കാണിക്കുന്നു.















