ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യയുടെ നിലപാട് സമ്പന്ധിച്ച് നിരവധി ചോദ്യങ്ങളും ആരോപണങ്ങളുമാണ് ഉയരുന്നത്. എന്നാൽ ഇസ്രായേൽ-ഹമാസ് വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
പാലസ്തീനിന്റെ പരമാധികാരം അംഗീകരിക്കുകയും ഹമാസിന്റെ ഭീകരവാദം എതിർക്കുകയും ചെയ്യുക എന്നതാണ് ഭാരതത്തിന്റെ നയം. അത് തന്നെയാണ് ജനാധിപത്യ ബോധമുള്ള എല്ലാ ജനതയ്‌ക്കും കരണീയമായ മാർഗം. പാലസ്തീനിലെ പ്രധാന പാർട്ടികളായ ഫത്താ പാർട്ടി, പിഎൽഒ തുടങ്ങിയവയുമായി രാജ്യത്തിന് നല്ല ബന്ധമാണുള്ളത്. പാലസ്തീൻ മുൻ പ്രസിഡന്റ് യാസർ അറഫാത്ത് ഭാരതത്തിന്റെ നല്ല സുഹൃത്തായിരുന്നു. പിവി നരസിംഹ റാവു, അടൽ ബിഹാരി വാജ്‌പേയി എന്നിവരുമായി അദ്ദേഹത്തിന് മികച്ച ബന്ധം ഉണ്ടായിരുന്നുവെന്നും ബിജെപി നേതാവ് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇസ്ലാം തീവ്രവാദത്തിന്റെ ആക്രമണവും ക്രൂരതയും അനുഭവിക്കുന്ന ജനത എന്ന നിലയിലാണ് ഭാരതം ഇസ്രായേൽ ജനതയെ പിന്തുണയ്‌ക്കുന്നത്. അഫ്ഗാനിസ്ഥാനിലെയും പാകിസ്താനിലെയും സിറിയയിലെയും കശ്മീരിലെയും ഇറാനിലെയും സാധാരണ മനുഷ്യരെ പോലെ പാലസ്തീനിലെ സാധാരണക്കാരും ഭീകരവാദത്തിന്റെ ഇരകളാണ്. കൂട്ടത്തിലുള്ള ഭീകരന്മാരെ ചെറുക്കാൻ ശേഷിയില്ലാത്ത സമൂഹം ഇത്തരം പ്രത്യാഘാതം നേരിടേണ്ടി വരും. അത് പാലസ്തീനിലായാലും കേരളത്തിൽ ആയാലുമെന്നും സന്ദീപ് വാചസ്പതി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
‘ഐഎസ്‌ഐ പാകിസ്താൻ അല്ലാത്തത് പോലെ, താലിബാൻ അഫ്ഗാൻ അല്ലാത്തത് പോലെ, ഐ എസ് സിറിയ അല്ലാത്തത് പോലെ ഹമാസ് അല്ല പലസ്തീൻ. പലസ്തീനിന്റെ പടിഞ്ഞാറൻ ഭാഗമായ ഗാസാ പ്രദേശം മാത്രം കൈവശം വെച്ചിരിക്കുന്ന ഒരു തീവ്രവാദ പ്രസ്ഥാനമാണ് ഹമാസ്. (ഇതോടൊപ്പമുള്ള ഭൂപടം നോക്കിയാൽ മനസ്സിലാകും.) അവരെ എതിർക്കുക എന്നാൽ പാലസ്തീനെ എതിർക്കുക എന്നല്ല അർത്ഥം. പാലസ്തീനിന്റെ പരമാധികാരം അംഗീകരിക്കുകയും ഹമാസിന്റെ ഭീകരവാദം എതിർക്കുകയും ചെയ്യുക എന്നതാണ് ഭാരതത്തിന്റെ നയം. അത് തന്നെയാണ് ജനാധിപത്യ ബോധമുള്ള എല്ലാ ജനതയ്‌ക്കും കരണീയമായ മാർഗം. പാലസ്തീനിലെ പ്രധാന പാർട്ടികളായ ഫത്താ പാർട്ടി, പി. എൽ.ഒ തുടങ്ങിയവയുമായി ഭാരതത്തിന് മികച്ച ബന്ധമാണ് ഉള്ളത്. പലസ്തീൻ മുൻ പ്രസിഡന്റ് യാസർ അറഫാത്ത് ഭാരതത്തിന്റെ നല്ല സുഹൃത്തായിരുന്നു. പി.വി നരസിംഹ റാവു, അടൽ ബിഹാരി വാജ്‌പേയി എന്നിവരുമായി അദ്ദേഹത്തിന് മികച്ച ബന്ധം ഉണ്ടായിരുന്നു.
ആഗോള ഇസ്ലാം തീവ്രവാദത്തിന്റെ തിക്ത ഫലം അനുഭവിക്കുന്ന ജനത എന്ന നിലയിലാണ് ഭാരതം ഇസ്രയേൽ ജനതയെ പിന്തുണയ്‌ക്കുന്നത്. ഒപ്പം പൗരാണിക കാലം മുതൽ ഉള്ള ബന്ധത്തിന്റെ പേരിലും. ഗാസ ഒഴികെ ഉള്ള പ്രദേശത്തെ പാലസ്തീൻ ജനങ്ങളും ഇസ്ലാം തീവ്രവാദത്തിന്റെ ഇരകളാണ്. അഫ്ഗാനിലെ, പാകിസ്താനിലെ, സിറിയയിലെ, കശ്മീരിലെ, ഇറാനിലെ സാധാരണ മനുഷ്യരെ പോലെ പാലസ്തീനിലെ സാധാരണക്കാരും ഭീകരവാദത്തിന്റെ ഇരകളാണ്. അവർ ഇപ്പൊൾ അനുഭവിക്കുന്ന ദുരന്തം അവരുടെ ചെയ്തികൾ മൂലമല്ല. അവർ കാണിച്ച നിസംഗതയുടെ ഫലമാണ്. കൂട്ടത്തിലുള്ള ഭീകരന്മാരെ ചെറുക്കാൻ ശേഷിയില്ലാത്ത ഏതൊരു സമൂഹവും ഇത്തരം പ്രത്യാഘാതം നേരിടേണ്ടി വരും. അത് പാലസ്തീനിൽ ആയാലും കേരളത്തിൽ ആയാലും.
നിരപരാധിയായ ഒരു സാധു സ്ത്രീയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം അവരുടെ മൃതദേഹം വലിച്ചിഴയ്‌ക്കുന്ന ദൃശ്യം സ്‌മൈലി ഇട്ട് ആഹ്ലാദിക്കുന്ന നമ്മുടെ ‘സഹോദരങ്ങൾ ‘ നമുക്കുള്ള കുഴി തോണ്ടുകയാണെന്ന് തിരിച്ചറിയണം. ഭീകരനെ ലക്ഷ്യമാക്കി വരുന്ന മിസൈലിന് വിവേചന ബുദ്ധി ഇല്ലെന്ന് തിരിച്ചറിയണം. ഭീകരവാദികളുടെ അയൽക്കാരും ഇരകളാക്കപ്പെടും. അതിന് മുൻപ് അവരെ തുറന്ന് കാട്ടാൻ നമുക്ക് കഴിയണം. അല്ലായെങ്കിൽ അന്ന് നമ്മെ രക്ഷിക്കാൻ ഒരു പോളിറ്റ് ബ്യൂറോയും കെ.പി.സി.സിയും സമസ്തയും ഉണ്ടാവില്ല. അത് ഇന്ന് ഓർത്താൽ നന്ന്’സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.