ലക്നൗ: വിവേക് അഗ്നി ഹോത്രി സംവിധാനം ചെയ്ത ‘ദ വാക്‌സിൻ വാർ’ കാണണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. സ്വാതന്ത്ര്യ സമരസേനാനി രാജാ റാവു രംഭക്ഷ് സിംഗിന്റ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് ഉന്നാവോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്‌ക്കെതിരെയുള്ള ഗൂഢാലോചന തുറന്ന് കാട്ടുന്ന സിനിമയാണ് ‘ദ വാക്‌സിൻ വാർ’ എന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാണിച്ചു.
വാക്‌സിൻ യുദ്ധത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പങ്കിനെ പ്രകീർത്തിക്കുന്ന, ആഗോള തലത്തിൽ ഇന്ത്യയുടെ നിലവാരം ഉയർത്തി കാട്ടുന്ന മഹത്തായ ചിത്രമാണ് ‘ദ വാക്‌സിൻ വാർ’ എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞമാസം സെപ്റ്റംബർ 28-നാണ് സിനിമ പുറത്തിറങ്ങിയത്. കൊറോണ വാക്‌സിൻ പുറത്തിറക്കുന്നതിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ വഹിച്ച പങ്ക് വ്യക്തമാക്കുന്ന സിനിമയാണ് വാക്‌സിൻ വാർ. കുറച്ച് വ്യക്തികൾ തങ്ങളുടെ വ്യക്തിപരമായ അജണ്ടകൾ നിർവഹിക്കാൻ ഇറങ്ങി പുറപ്പെട്ടതും സിനിമ തുറന്നു കാട്ടുന്നു. ‘ദ വാക്‌സിൻ വാർ’ എന്ന സിനിമയ്‌ക്ക് പിന്തുണ നൽകണമെന്നും യോഗി ആദിത്യനാഥ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
കോറോണ പ്രതിസന്ധി നിലനിൽക്കുന്ന സമയം പ്രധാനമന്ത്രി ഒരു ക്യാപ്റ്റനെപോലെ മുന്നിൽ നിന്ന് നയിക്കുമ്പോൾ അദ്ദേഹത്തിന്റ ശ്രമങ്ങളെ പിന്നിൽ നിന്ന് ആക്രമിക്കാനായിരുന്നു ചില സ്ഥാപിത താത്പര്യക്കാർ ശ്രമിച്ചത്. ഇത്തരം ഗൂഢാലോചന ശ്രമങ്ങളെ സിനിമ തുറന്ന് കാട്ടുന്നു. കൊറോണ സമയത്ത് 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷനും 220 കോടിയോളം ജനങ്ങൾക്ക് സൗജന്യ വാക്സിനും നൽകാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞു എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.















