ഇടുക്കി: നെടുങ്കണ്ടത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് പരിക്കേറ്റു. സംഭവത്തിൽ ഇടുക്കി നെടുങ്കണ്ടം തൂവൽ സ്വദേശിനി ഷൈനി സിനോജിനാണ് പരിക്കേറ്റത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഷൈനിയുടെ കാലുകൾക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്വന്തം കൃഷിയിടത്തിൽ പണി ചെയ്യുന്നതിനിടെ ഷൈനിയെ കാട്ടുപന്നി ഓടിവന്ന് ആക്രമിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ ഷൈനിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
കഴിഞ്ഞ മാസവും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നതായി നാട്ടുകാർ പറയുന്നു. അന്ന് മറ്റൊരു കർഷകനും സമാനരീതിയിൽ പരിക്കേറ്റിരുന്നു. മേഖലയിൽ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാണെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ അധികൃതർക്ക് പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ എടുത്തില്ലെന്നും പ്രദേശവാസികൾ പറയുന്നു.















