എറണാകുളം: കവി തിലകൻ പണ്ഡിറ്റ് കറുപ്പൻ വിചാരവേദിയുടെ പുരസ്‌കാര ദാന ചടങ്ങിൽ ഉദ്ഘാടകനാകുന്നതിൽ നിന്ന് പ്രൊഫ. എം.കെ. സാനുവിനെ വിലക്കി പുരോഗമന കലാസാഹിത്യ സംഘം. പു.ക.സയുടെ എതിർപ്പിനെ തുടർന്ന് പാവക്കുളം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എം. കെ സാനു പങ്കെടുത്തില്ല. സുരേഷ് ഗോപിക്കായിരുന്നു ഈ വർഷത്തെ പുരസ്‌കാരം. എം.കെ. സാനുവിന്റെ അസാന്നിധ്യത്തിൽ എഴുത്തുകാരൻ സി. രാധാകൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
പ്രൊഫ. എം.കെ. സാനുവിനോട് ചടങ്ങിൽ പങ്കെടുക്കരുതെന്ന് പു.ക.സ ഭാരവാഹികൾ നേരിട്ട് ചെന്ന് ആവശ്യപ്പെടുകയായിരുന്നു. പു.ക.സ ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്‌കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് സൂചന.
താൻ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല. അവരുടെ സ്വത്തുക്കൾ കവർന്നിട്ടില്ല. ദളിതന്റെ പേരിൽ വോട്ട് വാങ്ങിയവർ ആകാശവാഹിനികളിൽ പറക്കുകയും ചിക്കമംഗളൂരുവിൽ തോട്ടം വാങ്ങുകയുമാണെന്ന് പുരസ്‌കാര സമർപ്പണ ചടങ്ങിൽ സുരേഷി ഗോപി പറഞ്ഞു. ‘തുരന്നെടുക്കൽ മാത്രം ലക്ഷ്യമിടുന്ന രാഷ്‌ട്രീയവൃന്ദത്തിന്റെ കുടില തന്ത്രമാണിത്. അവരുടെ പ്രവർത്തനഫലമായാണ് ചടങ്ങിൽ നിന്ന് പ്രൊഫ. എം.കെ സാനുവിന് മാറിനിൽക്കേണ്ടി വന്നത്. അദ്ദേഹത്തിന്റെ കാലിൽ ശിരസ്സ് തൊട്ടുകൊണ്ട് പുരസ്‌കാരം സ്വീകരിക്കുന്നു. അമ്മയുടെ ഗുരുനാഥനായിരുന്നു സാനുമാഷ്. അമ്മയ്‌ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്’- സുരേഷ് ഗോപി പറഞ്ഞു. രാഷ്‌ട്രീയം ഉപജീവനം മാത്രമായതാണ് നാടിന്റെ ദുരന്തമെന്ന് സുരേഷ് ഗോപിക്ക് പുരസ്‌കാരം നൽകിക്കൊണ്ട് സി. രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു.















