ന്യൂഡൽഹി: ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മാദ്ധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കയസ്തയും ന്യൂസ് ക്ലിക്ക് എച്ച്ആർ മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി കോടതി 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
ഇന്ത്യയുടെ പരമാധികാരം തകർക്കുന്നതിനായി ചൈനയ്‌ക്ക് അനുകൂലമായ പ്രചരണം നടത്താൻ ന്യൂസ് പോർട്ടൽ പണം കൈപ്പറ്റിയെന്നാരോപിച്ച് യുഎപിഎ പ്രകാരമെടുത്ത കേസിലാണ് പ്രബീർ പുർക്കയസ്തയെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ മൂന്നിന് ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലുമായി 88 സ്ഥലങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഒൻപത് മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ 46 പേരെയാണ് ചോദ്യം ചെയ്തത്. 300-ഓളം ഇലക്ട്രാണിക് ഉപകരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരുന്നത്. 2019-ലെ പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആന്റ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി ചേർന്ന് പ്രബീർ ഗൂഢാലോചന നടത്തിയതായി എഫ്‌ഐആറിൽ പറയുന്നു. അരുണാചൽ പ്രദേശും കശ്മീരും ഇന്ത്യയുടെ ഭാഗമല്ലെന്ന് കാണിക്കുന്നതിനായും ഇവർ പ്രവർത്തിച്ചു. കർഷക സമരത്തിന്റെ കാലത്ത് പ്രക്ഷോഭങ്ങൾ കടുപ്പിച്ച് സർക്കാരിനെതിരെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു. കൊറോണ മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മകമായ വിവരങ്ങൾ പോർട്ടൽ വഴി നൽകിയെന്നും പോലീസ് സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു.















