ഇസ്ലാമാബാദ്: കൊടുംഭീകരൻ ഷാഹിദ് ലത്തീഫ് പാകിസ്താനിൽ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് കൊല്ലപ്പെട്ട ഷാഹിദ് ലത്തീഫ്. എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കൊടുംഭീകരനാണ് ഇയാൾ.
പാകിസ്താനിലെ ഗുജ്രാൻവാലയ്‌ക്ക് സമീപം മോർ അമീനബാദിൽവെച്ച് അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. മോട്ടോർ ബൈക്കിലെത്തിയ ആളാണ് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ജെയ്‌ഷെ മൊഹമ്മദ് ഭീകര സംഘടനയുടെ കമാൻഡറാണ് കൊല്ലപ്പെട്ട ലത്തീഫ്.
2016 ജനുവരി രണ്ടിനാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ഭീകരർ പഞ്ചാബിലെ പത്താൻകോട്ട് എയർബേസിൽ സൈനിക വേഷത്തിൽ കടന്നുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരു വ്യോമസേന ഉദ്യോഗസ്ഥനും ഒരു എൻഎസ്ജി കമാൻഡോയും അഞ്ച് ഡിഫൻസ് സെക്യൂരിറ്റി കോർപ്പ്‌സ് ജവാന്മാരും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. 25 സൈനികർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ 4 ഭീകരരെ സുരക്ഷാസേന വകവരുത്തി.
പാകിസ്താനിലെ ബാലാക്കോട്ടിൽ സൈനിക കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തിയാണ് ഇന്ത്യ തിരിച്ചടിച്ചത്. 350 ജെയ്‌ഷെ മുഹമ്മദ് ഭീകരർ ഇന്ത്യൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു.















