എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചു എന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
എന്നാൽ കേസിൽ തെളിവുകൾ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ വിചാരണ കോടതി തീരുമാനമെടുത്തത്. മാത്രമല്ല ശബ്ദ സന്ദേശങ്ങൾ കോടതി പരിഗണിച്ചില്ല. ഹർജി തള്ളിയ എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിധി നിയമ വിരുദ്ധമാണ് എന്നാണ് സർക്കാരിന്റെ നിലപാട്.
അതേസമയം പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾക്ക് ആധികാരികത ഇല്ലെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തൽ. കേസിൽ വിധി റദ്ദാക്കണമെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് നിയോഗിച്ച അമിക്കസ് ക്യൂരിയെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അഡ്വ. രഞ്ജിത്ത് മാരാറെ ഒഴിവാക്കാനാണ് തീരുമാനമെടുത്തത്. രഞ്ജിത്ത് മാരാർ ദിലീപുമായി അടുത്ത ബന്ധമുള്ളയാളെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് നടപടി.















