മാൻഹട്ടൻ: ഈ വർഷത്തെ ജി 20 ഉച്ചകോടിയിൽ ഇന്ത്യയുടെ ആതിഥേയത്വം ചരിത്രപരമായ നാഴികക്കല്ലായി മാറിയിരിക്കുകയാണെന്ന് യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് പറഞ്ഞു. കൂടാതെ ലോകത്തെ രക്ഷിക്കുവാനും സംരക്ഷിക്കാനുമുള്ള തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഇന്ത്യ മറ്റ് രാജ്യങ്ങളെ ഓർമ്മിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വസുധൈവ കുടുംബകം എന്ന ആശയത്തോടെ ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന സന്ദേശമാണ് പ്രതിധ്വനിച്ചത്. ഈ ആശയത്തിന് കീഴിൽ നാം വീട് എന്ന് വിളിക്കുന്ന ലോകത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ഇന്ത്യ ഓർമ്മിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
യുഎൻ ആസ്ഥാനത്ത് നടക്കുന്ന വസുധൈവ കുടുംബകം എന്ന അന്താരാഷട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് സാധാരണക്കാരുടെ ജീവൻ അപഹരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തെ യുഎൻജിഎ പ്രസിഡന്റ് ഫ്രാൻസിസ് അപലപിച്ചു. വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം ഒരു ലോകം എന്ന ആശയത്തിന് വിരുദ്ധമാണ്. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രാധാന്യം എന്താണെന്നും ‘ഒരു ലോകം, ഒരു കുടുംബം’ എന്ന പ്രമേയത്തിന് ആഗോള പിന്തുണയുടെ ആവശ്യകത എത്രത്തോളമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഇതുപോലുള്ള വലിയ ആശങ്കയും ദുരന്തങ്ങളും ഉണ്ടാകുന്ന സമയങ്ങളിലാണ് ഐക്യദാർഢ്യത്തിന് വേണ്ടിയോ സാന്ത്വനത്തിന് വേണ്ടിയോ അല്ലെങ്കിൽ രണ്ടിനും കൂടിയോ ഒന്നിച്ചു ചേരുന്നതിന്് സമൂഹം പിന്തുണ തേടുന്നത്. അതിനാൽ ഈ ഐക്യദാർഢ്യത്തെക്കുറിച്ച് ഓരോ രാജ്യത്തെയും ഓർമ്മിപ്പിക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു. അദ്ദേഹം കൂട്ടിചേർത്തു.















