തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കോടതിയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഇഡി. കരുവന്നൂർ സഹകരണ ബാങ്കിൽ സാധാരണ ജനങ്ങൾ നിക്ഷേപിച്ച പണം രാഷ്‌ട്രീയ നേതാക്കളുടെ ഒത്താശയോടെ ബിനാമി വായ്പകളായി തട്ടിയെടുത്ത് കള്ളപ്പണമാക്കി മറ്റ് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കുന്ന തന്ത്രം ഇന്ത്യയിലെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും കണ്ടിട്ടില്ലെന്ന് ഇഡി.
രാഷ്‌ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, സഹകാരികൾ, സംസ്ഥാന സർക്കാർ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങൾ എന്നിവരുടെ ഒത്താശയോടെ വളരെ സംഘടിതമായി ചേർന്ന് കള്ളപ്പണ ഉത്പാദനവും തുടർന്നുള്ള വെളുപ്പിക്കലും നടത്തിയ പിഎംഎൽഎ കേസുകൾ രാജ്യത്ത് ആദ്യമാണെന്നാണും ഇഡി വ്യക്തമാക്കി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ സ്ഥിരസമിതി അദ്ധ്യക്ഷനുമായ പി.ആർ. അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നിവരുടെ രണ്ടാംഘട്ട ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇഡിയുടെ വെളിപ്പെടുത്തൽ. തുടർന്ന് കള്ളപ്പണം വെളുപ്പിക്കലിന്റെ മൂന്ന് ഘട്ടങ്ങൾ ഇഡി കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു.
ശരിയായ മാർഗങ്ങളിലൂടെ സാധാരണക്കാരും തൊഴിലാളികളും സമ്പാദിച്ച പണമാണ് ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത് പ്രതികൾ കള്ളപ്പണമാക്കിയത്. ഇതായിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഒന്നാം ഘട്ടം. ഇങ്ങനെ തട്ടിയെടുത്ത പണം പ്രതികളുടെയും അടുത്ത ബന്ധുക്കളുടെയും ഇഷ്ടക്കാരുടെയും അക്കൗണ്ടുകൾ വഴി നിക്ഷേപിച്ച് (പ്ലേസിങ്) ശരിയായ പണമെന്ന് തോന്നിപ്പിച്ച് പല തവണ അക്കൗണ്ടുകൾ മാറ്റി വെളുപ്പിക്കാൻ ശ്രമിച്ചതായിരുന്നു തട്ടിപ്പിന്റെ രണ്ടാം ഘട്ടം (ലെയറിങ്).
ശേഷം ഈ പണം പിൻവലിച്ച് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ വഴി ഭൂമിയിലും കെട്ടിടങ്ങളിലും നിക്ഷേപിച്ചു. ഇതായിരുന്നു തട്ടിപ്പിന്റെ മൂന്നാം ഘട്ടം (ഇന്റഗ്രേഷൻ). പിന്നീട് ഇത്തരം വസ്തുവകകൾ വിൽപന നടത്തി ആ പണം വീണ്ടും പ്രതികളുടെ ബന്ധുക്കളുടെ പേരിൽ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തു.