ചണ്ഡീഗഡ്: ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് റോഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). പഞ്ചാബിലെ മോഗയിൽ നടന്ന പരിശോധനയ്‌ക്കിടെയാണ് ലഖ്ബീറിന്റെ സ്വത്തുക്കൾ എൻഐഎ പിടിച്ചെടുത്തത്. നിരോധിത സംഘടനയായ ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന്റെ (ഐഎസ്‌വൈഎഫ്) തലവനാണ് ലഖ്ബീർ സിംഗ് റോഡെ. ഖലിസ്ഥാൻ നേതാവ് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ അനന്തരവൻ കൂടിയാണ് ഇയാൾ.
എൻഐഎ സംഘവും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്‌ക്ക് ശേഷമാണ് 1.4 ഏക്കറിൽ വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയത്. എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. 2021-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. 2021-ൽ ഫാസിൽക ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന ടിഫിൻ ബോംബ് സ്‌ഫോടനത്തിലെ മുഖ്യ പ്രതിയാണ് ലഖ്ബീർ സിംഗ് റോഡ്. ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ കടത്തൽ, നേതാക്കളെ ആക്രമിക്കാനുള്ള ഗൂഢാലോചന, പഞ്ചാബിൽ വിദ്വേഷം പ്രചരിപ്പിക്കൽ തുടങ്ങിയ കേസുകളിൽ റോഡിനെ വിചാരണ ചെയ്യേണ്ടതുണ്ട്.
ആയുധങ്ങൾ, വെടിക്കോപ്പുകൾ, ടിഫിൻ ബോംബുകൾ, ഗ്രനേഡുകൾ, സ്‌ഫോടകവസ്തുക്കൾ, മയക്കുമരുന്നുകൾ എന്നിവയുൾപ്പെടെയുള്ള ചരക്കുകൾ അയയ്‌ക്കാൻ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരരുമായി ലഖ്ബീർ സിംഗ് സഹകരിച്ച് പ്രവർത്തിച്ചിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു. 2021-നും 2023-നും ഇടയിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച ലഖ്ബീറിനെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.















