രാജ്യത്ത് ആദ്യമായി നമ്പർ രഹിത ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കാനൊരുങ്ങി ആക്‌സിസ് ബാങ്ക്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കുകളിൽ ഒന്നാണ് ആക്‌സിസ് ബാങ്ക്. ആക്‌സിസ് ബാങ്കും ഫിൻടെക് സ്ഥാപനമായ ഫൈബും സഹകരിച്ചാണ് നമ്പർ രഹിത ക്രെഡിറ്റ് കാർഡ് പുറത്തിറക്കാനൊരുങ്ങുന്നത്. കാർഡിൽ നമ്പറോ,എക്‌സ്പയറി ഡേറ്റോ, സിവിവി നമ്പറോ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാൽ തന്നെ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായി ഉപയോഗിക്കാനാകും. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
പുതിയ കാർഡ് നിലവിൽ വരുന്നതോടെ കാർഡ് ഉപയോക്താക്കളുടെ വിവരങ്ങളിലേക്കുള്ള അനധികൃത ആക്‌സസ് ഇല്ലാതാക്കുന്നു. കൂടാതെ ഉപയോക്താക്കൾക്ക് അവരുടെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ഫൈബ് ആപ്പിൽ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ സാധിക്കുന്നു. ഇത് ക്രെഡിറ്റ് വിവരങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായകരമാകുന്നു. ലഭ്യമാകുക. – 2.1 ദശലക്ഷത്തിൽ അധികം വരുന്ന ഫൈബിന്റെ ഉപയോക്താക്കൾക്കാകും കാർഡ് ലഭ്യമാകുക.
കൂടാതെ ഈ ക്രെഡിറ്റ് കാർഡ് മുഖേനയുള്ള റെസ്‌റ്റോറന്റ് ഓൺലൈൻ ഡെലിവറിക്ക് മൂന്ന് ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. പ്രാദേശിക യാത്രകളിലും ഓൺലൈൻ ടിക്കറ്റിംഗ് ആപ്പുകളിലും ഓഫറുകൾ ലഭ്യമാകും. ഓൺലൈൻ-ഓഫ്‌ലൈൻ ഇടപാടുകൾക്ക് ഒരു ശതമാനം ക്യാഷ്ബാക്കും ഓഫർ ചെയ്യുന്നുണ്ട്. കോ-ബ്രാൻഡഡ് റൂപേ ക്രെഡിറ്റ് കാർഡ് ആണിത്. ഇതിലൂടെ യുപിഐയിലേക്ക് ലിങ്ക് ചെയ്യാനും സാധിക്കും. എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഓഫ്‌ലൈൻ സ്‌റ്റോറുകളിലും കാർഡ് ഉപയോഗിക്കാനാകും. ടാപ് ആൻഡ് പേ ഫീച്ചറും ഇതിൽ ലഭ്യമാണ്.