കൊളംബോ: ഇന്ത്യൻ സമുദ്ര മേഖലയിലെ സുരക്ഷയ്‌ക്കും സംരക്ഷണത്തിനും ഇന്ത്യ നൽകുന്ന സമീപനങ്ങളും സംഭാവനകളും തുടരുമെന്നും അതിനായി പ്രവർത്തിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. 23-ാമത് ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (ഐഒആർഎ) കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് അദ്ദേഹം ഇതേ പറ്റി സംസാരിച്ചത്.
സാഗർ പദ്ധതി ഇന്ത്യ മഹാസമുദ്രവുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ ആദ്യത്തെ നയമാണ്. അയൽ രാജ്യങ്ങളോടും ഇന്തോ-പസഫിക്കിനോടുമുള്ള രാജ്യത്തിന്റെ സമീപനമാണ് പദ്ധതിയിലൂടെ അവതരിപ്പിക്കുന്നത്. ഐഒആർഎ ഉപാദ്ധ്യക്ഷ, ട്രൊയ്‌ക്ക അംഗം എന്നീ നിലകളിൽ ഇന്ത്യയുടെത് കൃത്യമായ മുൻഗണനകളാണ്. സുസ്ഥിരവും സമൃദ്ധവും ശക്തവുമായ ഇന്ത്യൻ മഹാസമുദ്രം വികസിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സന്തുലിതാവസ്ഥയിലും, ഏഷ്യയുടെ പുനരുജ്ജീവനത്തിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ത്രിദ്വിന സന്ദർശനത്തിനായി ഇന്നലെയാണ് മന്ത്രി കൊളംബോയിൽ എത്തിയത്. ശ്രീലങ്കയുമായുള്ള ഉഭയകക്ഷി യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.