ന്യൂഡൽഹി: ഇന്ത്യയിലെ യുവാക്കൾ നയിക്കുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഉയർത്തുന്നതിനും മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്‌ഫോം സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്തെ മുന്നോട്ട് കുതിക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിന്റെ പരിവർത്തനത്തിന് വേണ്ടി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള സ്വയംഭരണ സ്ഥാപനമായ മേരാ യുവ ഭാരതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
‘ യുവാക്കൾ നയിക്കുന്ന വികസനം മുന്നോട്ട് കൊണ്ടു പോകുന്നതിനും കഴിവുള്ള യുവാക്കളുടെ ആഗ്രഹങ്ങൾക്ക് ചിറക് നൽകുന്നതിനും മന്ത്രിസഭ മേരാ യുവ ഭാരതിന് അംഗീകാരം നൽകി’. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. അതേ സമയം മേരാ യുവ ഭാരതിന് അംഗീകാരം നൽകിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയോടുള്ള നന്ദി രേഖപ്പെടുത്തി.
2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള മുന്നേറ്റത്തിനും അതിനായി യുവ തലമുറയുമായി കൂടുതൽ സംവദിക്കാനും ഈ പുതിയ പദ്ധതി കൂടുതലായി സഹായിക്കും. യുവജന വികസനത്തിനും യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനത്തിനും സങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടുള്ള ഈ പ്ലാറ്റ്‌ഫോം കരുത്ത് പകരുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആചരിക്കുന്ന ദേശീയ ഏകതാ ദിനമായ ഒക്ടോബർ 31 ന് മേരാ യുവ ഭാരതിന് ആരംഭം കുറിക്കാൻ തീരുമാനിച്ചു. സന്നദ്ധപ്രവർത്തനത്തിലൂടെ രാഷ്‌ട്ര നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് ഏകീകരിക്കുകയും അവർക്ക് കൂടുതൽ അനുഭവജ്ഞാനം നൽകുകയുമാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തുമുള്ള യുവാക്കൾക്ക് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. 15 മുതൽ 29 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് മേരാ യുവ ഭാരത് ഉപകാരപ്രദമാകും.
‘വിഷൻ 2047’ ന് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള യുവാക്കളെ ഒന്നിച്ച് കൊണ്ടു വരാൻ ഒരു ചട്ടക്കൂട് അത്യവശ്യമാണെന്നും യുവജനകാര്യ വകുപ്പിന്റെ യുവജനസമ്പർക്ക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും മേരാ യുവ ഭാരത് സഹായകരമാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.















