ന്യൂഡൽഹി: ഓപ്പറേഷൻ അജയ്‍യുടെ ഭാഗമായി ഇസ്രയേലിലെ ഭാരതീയർക്കുള്ള ആദ്യവിമാനം ഇന്ന് യാത്രതിരിക്കും. ടെൽ അവീവിൽ നിന്ന് ഡൽഹിയിലേക്ക് രാത്രി 11.30 നാണ് ആദ്യ വിമാനം. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ചാർട്ടേഡ് വിമാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരുടെ പട്ടിക തയ്യാറക്കിയതായി എംബസി അറിയിച്ചു. ഇസ്രയേലിലുള്ള മുഴുവൻ ഇന്ത്യക്കാരുടെയും വിവരശേഖരണം തുടങ്ങിയതായും എംബസി വ്യക്തമാക്കുന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കഴിഞ്ഞ ദിവസമാണ് ഒഴിപ്പിക്കൽ ദൗത്യം ഓപ്പറേഷൻ അജയ് പ്രഖ്യാപിച്ചത്.
ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരശേഖരണം നേരത്തെ തന്നെ തുടങ്ങിയിരുന്നെന്നും എല്ലാവരെയും ഇന്ത്യയിൽ തിരിച്ചെത്തിക്കാമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്നലെ അറിയിച്ചു. യുദ്ധഭീതി വേണ്ടെന്നും, ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ നിർദ്ദേശിച്ചിട്ടുണ്ട്.
യുദ്ധമുഖത്ത് കഴിയുന്ന 18000 ഇന്ത്യക്കാരെ കൂടാതെ ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും രക്ഷാ സഹായം തേടിയെന്നും ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രായേലിലും പാലസ്തീനിലുമുള്ള ഇന്ത്യക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്.
ഇസ്രായേലിൽ നിന്നും മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സൗകര്യമൊരുക്കാൻ കേന്ദ്രം ഓപ്പറേഷൻ അജയ് ആരംഭിച്ചതായി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റിലുടെ ഇന്നലെയാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചത്. മടങ്ങിവരാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് സൗകര്യമൊരുക്കാൻ പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും കേന്ദ്ര സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കുറിച്ചു.















