നാഗർകോവിൽ : ചരിത്രപ്രസിദ്ധമായ നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്ന് രാവിലെ പദ്‌മനാഭപുരത്ത് നിന്ന് പുറപ്പെടും. പള്ളിയറയിൽ ചടങ്ങുകൾ ആരംഭിച്ചു. നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഉടവാൾ രാജപ്രതിനിധിക്ക് കൈമാറി. കേന്ദ്രമന്ത്രി വി മുരളീധരൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തമിഴ്നാട് മന്ത്രി മനോ തങ്കരാജ്, ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ,എം വിൽസന്റ് എംഎൽഎ തുടങ്ങിയവർ ക്ഷേത്രത്തിലെത്തി.
നവരാത്രി ഘോഷയാത്രയിൽ തേവാരകെട്ട് സരസ്വതിക്കൊപ്പം അകമ്പടി സേവിക്കുന്ന ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്നലെ രാവിലെ പുറപ്പെട്ടിരുന്നു. പല്ലക്കിൽ എഴുന്നള്ളുന്ന മുന്നൂറ്റിനങ്ക ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലെ രഥവീഥികൾ വലം വെച്ച് പത്മനാഭപുരത്തേക്ക് പുറപ്പെടുകയായിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ പദ്‌മനാഭപുരം നീലകണ്ഠസ്വാമി ക്ഷേത്രത്തിലെത്തി.
ഇന്ന് പുലർച്ചെ 4.30 ന് മുന്നൂറ്റിനങ്കയും വേളിമല കുമാരസ്വാമിയും തേവാരകെട്ട് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. രാവിലെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കൽ മാളികയിൽ ഉടവാൾ കൈമാറ്റചടങ്ങ് നടക്കും. തുടർന്ന് നടക്കുന്ന പാരമ്പര്യ ചടങ്ങുകൾക്ക് ശേഷം നവരാത്രി ഘോഷയാത്രയ്‌ക്ക് തുടക്കമാകും. കൊട്ടാരം അധികൃതരും വിശിഷ്ടാതിഥികളും ദക്ഷിണ നൽകി യാത്രയയപ്പ് നടത്തും. ഇതോടെ ഘോഷയാത്രയായി കേരളപുരത്ത് എത്തുന്ന ദേവവിഗ്രഹങ്ങൾ രാത്രിയോടെ കുഴിത്തുറ മഹാദേവർ ക്ഷേത്രത്തിൽ എത്തും. നാളെ രാവിലെ കുഴിത്തുറയിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര 11 മണിയോടെ കളിയിക്കാവിളയിൽ എത്തും. തുടർന്ന് സംസ്ഥാന അതിർത്തിയിൽ ഔദ്യോഗിക സ്വീകരണം നൽകും. നവരാത്രി ഘോഷയാത്രയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ ഇന്നലെ അറിയിച്ചു. കന്യാകുമാരി, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ 500-ഓളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്.