തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ അരലക്ഷം രൂപ വരെ പിഴയീടാക്കുന്ന കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. പൊതുനിരത്തുകളിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിയുന്നവർക്ക് 1,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കുന്ന കരട് ഓർഡിനൻസിനാണ് അംഗീകാരം ലഭിച്ചത്.
വിസർജ്ജ്യമടക്കമുള്ള മാലിന്യം ജലസ്രോതസ്സുകളിൽ തള്ളിയാൽ, കക്കൂസ് മാലിന്യം ജലാശയങ്ങളിൽ ഒഴുക്കിയാൽ 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും ആറ് മുതൽ ഒരു വർഷം വരെ തടവും നൽകാമെന്നാണ് വ്യവസ്ഥ. മാലിന്യം കുഴിച്ചുമൂടുക, കത്തിക്കുക, വലിച്ചെറിയുക എന്നിവ ചെയ്താൽ 5,000 രൂപ വരെയാണ് പിഴ.
വീടുകളും സ്ഥാപനങ്ങളും മാലിന്യശേഖരണത്തിനുള്ള യൂസർഫീ നിർബന്ധമായും അടയ്‌ക്കണം. മൂന്ന് മാസത്തോളം അടവ് മുടങ്ങിയാൽ 50 ശതമാനം പിഴ സഹിതം തുക അടയ്‌ക്കേണ്ടതായി വരും. മാലിന്യം നിക്ഷേപിക്കുന്നതും വലിച്ചെറിയുന്നതുമായ വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് പാരിതോഷികവും നൽകുന്നതാണ്. എന്നാൽ തെറ്റായ വിവരം പങ്കുവച്ചാൽ 10,000 രൂപ വരെ പിഴ ഒടുക്കണം.