തിരുവനന്തപുരം: സംസ്ഥാനത്ത് സാംക്രമിക രോഗങ്ങൾ പെരുകുന്നതിൽ ആശങ്ക വർദ്ധിക്കുന്നു. എലിപ്പനിയും ഡെങ്കിപ്പനിയും ചിക്കുൻ ഗുനിയയും മഴക്കാലത്ത് വ്യാപിച്ച് വേനലിൽ പിൻവാങ്ങുന്ന രീതിയിൽ മാറ്റമുണ്ടായി. മഴക്കാലത്ത് മാത്രം പടർന്നു പിടിക്കുന്ന ഇത്തരം സാംക്രമിക രോഗങ്ങൾ വേനൽക്കാലത്തും മാറ്റമില്ലാതെ തുടരുകയാണ്. അതോടൊപ്പം ബ്രൂസെല്ലോസിസ് പോലുള്ള രോഗബാധ റിപ്പോർട്ട് ചെയ്യുന്നതും ആശങ്കയുയർത്തുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കെടുത്താൽ 2018-ൽ സംസ്ഥാനത്ത് 4090 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021-ൽ ഡെങ്കി കേസുകൾ 3251 ആയെങ്കിലും രോഗമുയർത്തിയ വെല്ലുവിളികൾ അവസാനിച്ചില്ല. 2022-ൽ 4468 പേർക്ക് ഡെങ്കി ബാധിക്കുകയും 58 പേർ മരിക്കുകയും ചെയ്തു. ജില്ലകൾ തോറും ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന സാംക്രമിക രോഗവും ഡെങ്കിപ്പനി തന്നെയാണ്.
ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 3409 പേർക്കാണ് ഡെങ്കി ബാധിച്ചത്. എലിപ്പനി ചിക്കൻ ഗുനിയ കേസുകളിലും വർദ്ധനവുണ്ടായി. മാത്രമല്ല എന്നന്നേക്കുമായി മടങ്ങിപ്പോയെന്ന് കരുതിയ നിപ, ബ്രൂസെല്ലോസിസ് പോലുള്ള രോഗബാധ റിപ്പോർട്ട് ചെയ്തതും കടുത്ത ആശങ്കയാണ്. അതേസമയം രോഗവ്യാപനത്തിന്റെയും ഗുരുതര രോഗങ്ങളുടെയും പിടിയിലാണ് കേരളം എന്നത് 2022-ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിരുന്നു.