തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾക്ക് ഇനി ആധാർ മതി. വയസ്, മേൽവിലാസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാർ കാർഡിനെ അംഗീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
21 സേവനങ്ങൾക്ക് ഇനി മുതൽ ആധാർ കാർഡ് മാത്രം മതിയാകും. ഈ സേവനങ്ങൾക്ക് ഇനി മറ്റു രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് തീരുമാനം. ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഉടമസ്ഥത കൈമാറൽ, ആർസി ബുക്കിലെ മേൽവിലാസം മാറ്റൽ, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ, പെർമിറ്റ് പുതുക്കൽ അടക്കമുള്ള സേവനങ്ങൾ ആധാർ മാത്രം നൽകി നടത്താവുന്നതാണ്.
ആധാർ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി അടുത്തിടെ യുഐഡിഎഐ നീട്ടിയിരുന്നു. ഡിസംബർ 14 വരെയാണ് ആധാർ പുതുക്കാനുള്ള സമയപരിധി. ഓൺലൈൻ വഴി സൗജന്യമായി ആധാർകാർഡ് പുതുക്കാവുന്നതാണ്. . 10 വർഷം മുൻപ് എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്നാണ് യുഐഡിഎഐ ആവശ്യപ്പെടുന്നത്. മൈ ആധാർ പോർട്ടൽ വഴിയാണ് ആധാർ ഓൺലൈനായി പുതുക്കേണ്ടത്. പേര്, വിലാസം തുടങ്ങിയവയിൽ മാറ്റമുണ്ടെങ്കിൽ ഉപയോക്താക്കൾ തീർച്ചയായും അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.