ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരെ ആക്രമണം ശക്തമാക്കിയതോടെ ഇസ്രായേലിന് വേണ്ടി ഓരോ പൗരന്മാരും യുദ്ധത്തിന് ഇറങ്ങി തിരിച്ചിരിക്കുകയാണ്. ഇസ്രായേല്‍ നിയമ പ്രകാരം 18 വയസ് തികഞ്ഞ യുവതീ-യുവാക്കള്‍ സൈനിക സേവനം നടത്തേണ്ടതുണ്ട്. ചുരുങ്ങിയത് രണ്ടര വര്‍ഷമാണ് സേവനം ചെയ്യേണ്ടത്.
പുരുഷന്മാർ മാത്രമല്ല, ഹമാസ് ഭീകരർക്കെതിരെ പോരാടാൻ യുദ്ധമുഖത്ത് ഇസ്രായേലിന്റെ സ്ത്രീ കരുത്തുമുണ്ട്. ഡ്യൂട്ടിയിലുള്ള വനിതാ സൈനികരുടെ വീഡിയോകളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. സൈനികർ, പത്രപ്രവർത്തകർ, മെഡിക്കൽ ഉദ്യോഗസ്ഥർ എന്നീ നിലകളിലൊക്കെയും സ്ത്രീകൾ യുദ്ധത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ പണയം വച്ച് യുദ്ധത്തിലേക്ക് ഇറങ്ങിയ ഇസ്രായേലിന്റെ ചില സ്ത്രീ ശക്തികളെ പരിചയപ്പെടാം.
നാമ ബോണി

ഇസ്രായേൽ സേനയുടെ 77-ാം ബറ്റാലിയനിൽ സേവനമനുഷ്ഠിക്കുന്ന സൈനിക കോർപ്പറലാണ് നാമ ബോണി. ഹമാസുമായി യുദ്ധം ചെയ്യുന്നതിനിടയിൽ ഇവർ കുടുംബത്തിന് അയച്ച ഒരു വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റി. 19-കാരിയായ ബോണിയ്‌ക്ക് ഭീകരാക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെ സഹപ്രവർത്തകനുമായി ഒളിത്താവളത്തിൽ ഇരുന്നാണ് നാമ ബോണി കുടുംബത്തിന് വീഡിയോ സന്ദേശം അയച്ചത്. തന്റെ തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഹമാസ് ഭീകരർ വെടിയുതിർത്തതാണെന്നും യുവതി വീഡിയോയിൽ പറയുന്നു. തനിക്ക് നേരെ വെടിയുതിർത്ത ഭീകരരെ വെറുതെ വിടില്ലെന്നും ബോണി വ്യക്തമാക്കുന്നു. എന്നാൽ, ഈ വീഡിയോ സന്ദേശത്തിന് ശേഷം ബോണിയിൽ നിന്നും മറ്റ് സന്ദേശങ്ങളൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല. ഏഴ് മാസം മുൻപാണ് ബോണി സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.
മോറിയ മെൻസർ

തന്റെ രാജ്യത്തിനെതിരെ യുദ്ധം രൂക്ഷമായതിനെ തുടർന്ന് ലണ്ടനിൽ നിന്നും ഇസ്രായേലിലേക്ക് എത്തിയ സൈനിക വനിതയാണ് മോറിയ മെൻസർ. തന്റെ സുഹൃത്തുക്കളിൽ ചിലരെ കാണാനില്ലെന്നും ചിലരെ ഹമാസ് ഭീകരർ കൊലപ്പടുത്തിയെന്നും പറഞ്ഞുകൊണ്ട് മോറിയയും സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്നായിരുന്നു മോറിയ വീഡിയോ പങ്കുവെച്ചത്.
എല്ലാ വാവേയ

ഐഡിഎഫിൽ മേജറാകുന്ന ആദ്യത്തെ മുസ്ലീം അറബ് വനിതയാണ് എല്ലാ വാവേയ. തന്റെ രാജ്യത്തിന് വേണ്ടി എല്ലയും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ഇവർ സമൂഹമാദ്ധ്യമത്തിലൂടെ അറിയിക്കാറുണ്ട്.
സോഹർ, ലിറോൺ

ദമ്പതികളായ ഇരുവരും ശനിയാഴ്ച തെക്കൻ ഇസ്രായേലിൽ നടന്ന സൂപ്പർനോവ സംഗീതോത്സവത്തിൽ പങ്കെടുത്തിരുന്നു. ഹമാസ് ഭീകരാക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഇരുവരും രാജ്യത്തിന് വേണ്ടി ഇപ്പോൾ പോരാടുകയാണ്. കോംബാറ്റ് എഞ്ചിനീയറിംഗ് കോർപ്സിന്റെ റിസർവ് ബറ്റാലിയനിൽ റിസർവ് ഡ്യൂട്ടിയാണ് ഇരുവരും.
മിക്കി ദുബെറി

23 കാരിയായ മാദ്ധ്യമ പ്രവർത്തകയാണ് മിക്കി ദുബെറി. രണ്ട് വർഷം മുമ്പ് യുഎസിൽ നിന്ന് ടെൽ അവീവിലേക്ക് താമസം മാറി. ഹമാസ് ഭീകരാക്രമണത്തിന് ശേഷം ഇരകളായ നിരവധി പേരോട് സംസാരിക്കുകയും മേഖലയിൽ നടന്ന ക്രൂരകൃത്യങ്ങൾ ലോകത്തെ അറിയിക്കുകയും ചെയ്യുന്നുണ്ട്.















