ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് 5000-ത്തോളം മിസൈലുകൾ തൊടുത്തുവിട്ടത്. അപ്രതീക്ഷിതമായി എത്തിയ മിസൈലുകൾ കണ്ട് ഞെട്ടിയെങ്കിലും പ്രത്യാക്രമണത്തിനായി ഇസ്രായേലിന് അധികം ചിന്തിക്കേണ്ടിയിരുന്നില്ല. തങ്ങളുടെ രാജ്യത്തെ തച്ചുടച്ചതിന്റെ നീറുന്ന വേദനയിലാണ് ഇസ്രായേൽ സ്വയം പ്രതിരോധത്തിനായി ഹമാസ് ഭീകരർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്.
ഹമാസ് ഭീകരരുടെ കടന്നുകയറ്റത്തിന് പിന്നാലെ ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ ദൗത്യമാണ് ‘ ഓപ്പറേഷൻ അജയ്’. സംഘർഷം ആരംഭിച്ച വേളയിൽ തന്നെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. അവശ്യഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിനായി ഹെൽപ് ലൈൻ നമ്പറും അവതരിപ്പിച്ചിരുന്നു. യുദ്ധത്തിന്റെ അഞ്ചാം നാളാണ് സർക്കാർ ഓപ്പറേഷൻ അജയ്‌ക്ക് രൂപം നൽകിയത്.
ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ പ്രധാന വിവരങ്ങൾ
1) ഇസ്രായേലിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സ്വദേശത്തേക്ക് മടക്കി കൊണ്ടുവരുന്നതിനുള്ള ദൗത്യമാണ് ഇത്. ഒഴിപ്പിക്കൽ ദൗത്യമല്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
2) പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലാകും ഇന്ത്യൻ പൗരന്മാരെ രാജ്യത്തെത്തിക്കുക. ആവശ്യമെങ്കിൽ ഇന്ത്യൻ നാവിക സേനയുടെ കപ്പലുകൾ വിന്യസിക്കും.
3) വിദ്യാർത്ഥികളും പ്രൊഫഷണലുകളും വ്യാപാരികളും ഉൾപ്പെടെ 18,000 ഇന്ത്യക്കാരാണ് ഇസ്രായേലിൽ ഉള്ളത്. മടങ്ങിവരൻ ആഗ്രഹിക്കുന്നവർക്കാണ് ഈ സൗകര്യം.
4) ഇസ്രായേലിലെയും പലസ്തീനിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ഡൽഹിയിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നു. 1800118797, +91-11 23012113, +91-11-23014104, +91-11-23017905, +919968291988 എന്ന നമ്പരുകളിലും situationroom@mea.gov.in. എന്ന ഇ-മെയിൽ വഴിയും ബന്ധപ്പെടാവുന്നതാണ്.
5) ഇന്ത്യൻ എംബസിയിലും 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കുന്നു. +972-35226748, +972-543278392 എന്നീ നമ്പറുകളിലും cons1.telaviv@mea.gov.in എന്ന ഇമെയിൽ ഐഡിയിലും ബന്ധപ്പെടാം.
ഓപ്പറേഷൻ അജയ്യുടെ ആദ്യ വിമാനം വെള്ളിയാഴ്ച രാവിലെ പുറപ്പെടും. നേരത്തെ വ്യാഴാഴ്ച രാത്രി പുറപ്പെടുമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. ടെൽ അവീവിലുള്ള എംബസി ഉദ്യോഗസ്ഥരാണ് രജിസ്‌ട്രേഡ് ഇന്ത്യൻ പൗരന്മാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്നത്.