രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സ്മാർട്‌ഫോൺ ബ്രാൻഡുകളായി മാറി സാംസങ്-വിവോ. ഗവേഷണ സ്ഥാപനമായ കൗണ്ടർ പോയിന്റ് പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. 2023-ലെ രണ്ടാം പാദ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. സാംസങിന് 18 ശതമാനവും വിവോയ്‌ക്ക് 17 ശതമാനവും വിപണി വിഹിതമുള്ളതായി റിപ്പോർട്ടിൽ പറയുന്നു. സ്മാർട്‌ഫോൺ വിപണിയിൽ ആകെ മൂന്ന് ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം 5ജി സ്മാർട്‌ഫോണുകളുടെ വിൽപ്പന 50 ശതമാനം വരെ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി സ്മാർട്‌ഫോൺ വിപണിയിൽ മുൻനിരയിലുള്ള ബ്രാൻഡാണ് സാംസങ്. ഇടക്കാലത്ത് ഷാവോമി വിപണി കീഴടക്കിയിരുന്നെങ്കിലും ഇത് അധിക നാൾ നീണ്ടു നിന്നില്ല. 18 ശതമാനം വിപണി വിഹിതത്തോടെ സാംസങ് ആണ് രാജ്യത്തെ നമ്പർ വൺ സ്മാർട്‌ഫോൺ. 17 ശതമാനവുമായി തൊട്ടുപിന്നാലെ വിവോ രണ്ടാം സ്ഥാനം കീഴടക്കി.
പോകോ, ഷവോമി എന്നീ ബ്രാൻഡുകളാണ് മൂന്നാം സ്ഥാനത്തുള്ളത്. 15 ശതമാനമാണ് ഷവോമിയുടെ വിപണി വിഹിതം. റിയൽമി നാലാം സ്ഥാനത്തും ഓപ്പോ അഞ്ചാം സ്ഥാനത്തുമാണ് നിൽക്കുന്നത്. എന്നാൽ അൾട്രാ പ്രീമിയം വിഭാഗത്തിൽ ആപ്പിളാണ് വിപണി കീഴടക്കിയിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും വലിയ അഞ്ചാമത്തെ വിപണിയാണ് ഇന്ത്യയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.